യുനെസ്‌കോയുടെ ആഗോളപഠനനഗരങ്ങളിൽ ഇടംപിടിച്ച് തൃശ്ശൂരും, നിലമ്പൂരും: പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ന​ഗരങ്ങൾ

ന്യൂഡൽഹി: യുനെസ്‌കോയുടെ ആഗോളപഠനനഗര(ഗ്‌ളോബൽ ലേണിങ് സിറ്റി)ങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ രണ്ടു ന​ഗരങ്ങൾ. ഇന്ത്യയിൽ നിന്ന് തൃശ്ശൂരിനെയും നിലമ്പൂരിനെയും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തു. ഇന്ത്യയിൽ നിന്ന് ഇതുവരെ ഒരു നഗരവും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടിരുന്നില്ല.

ജനുവരി/ഫെബ്രുവരിയിൽ യുെനസ്‌കോയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇതോടെ ബെയ്ജിങ് (ചൈന), ആതൻസ് (ഗ്രീസ്), ഡബ്ലിൻ (അയർലൻഡ്), ഗ്ലാസ്ഗോ (യു.കെ.), ഹാംബർഗ് (ജർമനി), ഒക്കയാമ (ജപ്പാൻ), മെൽറ്റൺ (ഓസ്ട്രേലിയ), സാവോ പൗലോ (ബ്രസീൽ), ഇഞ്ചിയോൺ (സൗത്ത് കൊറിയ), സുറബായ (ഇൻഡൊനീഷ്യ) മുതലായ നഗരങ്ങളുൾപ്പെടുന്ന ആഗോള ലേണിങ് സിറ്റികളുടെ പട്ടികയിൽ കേരളത്തിലെ ഈ രണ്ടു നഗരങ്ങളും ഇടംപടിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാറങ്കൽ ആണ് ശുപാർശ ചെയ്യപ്പെട്ട മറ്റൊരു നഗരം. മുനിസിപ്പൽ കോർപ്പറേഷനും ‘കില’യും തൃശ്ശൂർ എൻജിനിയറിങ് കോളേജിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിങ്ങും സംയുക്തമായിട്ടാണ് തൃശ്ശൂരിലെ പദ്ധതി നടപ്പാക്കുക. ഇതിനായി കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷനും കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ സഹഅധ്യക്ഷനുമായി 24 അംഗ സ്റ്റീറിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പത്തുവർഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തൃശ്ശൂർ കോർപ്പറേഷന്റെ പദ്ധതിയുമായി നഗരവികസന മന്ത്രാലയത്തിനു കീഴിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്’ സഹകരിക്കും.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ വിജ്ഞാനം പങ്കിടലിനും വിദ്യാഭ്യാസ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ തൃശ്ശൂരിനെ കേന്ദ്രസ്ഥാനമാക്കി മാറ്റാനും പദ്ധതി വിഭാവനം ചെയ്യുന്നു. തൃശ്ശൂരിലുള്ളവരെയും ജില്ലയുമായി ബന്ധമുള്ള പ്രവാസികളെയും ഇതുമായി ബന്ധിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും ടെക്നോളജിയിലും സ്റ്റാർട്ടപ്പുകളിലും ചെറുപ്പക്കാർക്ക് സാധ്യതകളും അവസരങ്ങളും ഉണ്ടാക്കാനുള്ള സ്ഥാപന സംവിധാനം രൂപവത്കരിക്കും. ലൈബ്രറികളുടെ ആധുനികീകരണം, കമ്യൂണിറ്റി ലേണിങ് സെന്ററുകൾ സ്ഥാപിക്കൽ, നൈപുണി വികസനം, സംരഭകത്വം എന്നിവയ്ക്ക് സൗകര്യമൊരുക്കൽ തുടങ്ങിയവും പദ്ധതിയുടെ ഭാഗമാണ്.

Top