ഉന്നാവോ അപകടം: ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്..!! ജയിലില്‍ കിടന്നും ആസൂത്രണം ചെയ്തു

ലക്നൗ: എംഎല്‍എ പ്രതിയായ പീഡനക്കേസിലെ ഇരയും ബന്ധുക്കളും വാഹനാപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗാറിനെതിരെ കേസെടുത്തു. പരാതിക്കാരിയെ വകവരുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജയിലില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ കേസെടുത്തത്.

കുല്‍ദീപ് സെന്‍ഗാറിനെ കൂടാതെ സഹോദരന്‍ മനോജ് സിങ് സെന്‍ഗാറിനും മറ്റ് എട്ടുപേര്‍ക്കെതിരെയും ഉത്തര്‍ പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ് കുല്‍ദീപ് സെന്‍ഗാറും സഹോദരനും. ജയിലില്‍ വച്ച് ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും കുടുംബാംഗങ്ങളെയും സാക്ഷികളെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കരുതിക്കൂട്ടി നടപ്പാക്കിയ അപകടമാണിതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിരുന്നു. വിവിധ കോണുകളില്‍നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായ സാഹചര്യത്തിലാണ് കേസെടുക്കാന്‍ യുപി പോലീസ് നിര്‍ബന്ധിതമായതെന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ കഴിയുന്ന എംഎല്‍എ തന്നെയാണ് മകള്‍ സഞ്ചരിച്ച വാഹനം അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ അമ്മയും രംഗത്തെത്തിയിരുന്നു. ‘ഇത് എംഎല്‍എ ചെയ്യിപ്പിച്ചതാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അയാള്‍ ജയിലിനകത്താണെങ്കിലും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. ജയിലിനകത്തിരുന്ന് കൊണ്ടാണ് എല്ലാം ചെയ്യുന്നത്. അയാളുടെ ആളുകള്‍ പുറത്തുണ്ട്. അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഞങ്ങള്‍ക്ക് നീതി വേണം’, പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിച്ചത്. ഉന്നാവോയിലുള്ള കുടുംബം റായ്ബറേലി ജയിലില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ കാറില്‍ പോകവെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെങ്കിലും രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. ഇടിച്ച ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത ചായം കൊണ്ട് മായ്ച്ചിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച അംഗരക്ഷകനും അപകടസമയത്ത് ഇവരുടെ കൂടെയില്ലായിരുന്നു.

2017ലായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി തേടി ബന്ധുവിനൊപ്പം എം എല്‍ എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ എം എല്‍ എ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസിലാണ് എംഎല്‍എയുടെ സഹോദരന്‍ ജയിലില്‍ കഴിയുന്നത്.

Top