കൊല്ലം: രവിപിള്ള ചെയര്‍മാനായ ഉപാസന നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥിസമരം ശക്തമായി. ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പളിനെതിരായണ് വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറിങ്ങിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ എം.പി. ജെസിക്കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാതെ പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
ഫെബ്രുവരി ആദ്യ വാരം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് അന്ന് പ്രിന്‍സിപ്പലും മാനേജ്മെന്റും പറഞ്ഞിരുന്നത്. എന്നാല്‍ ഒരു കാര്യവും പരിഹരിക്കാതായതോടെയാണ് സമര രംഗത്തിറങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ വിചിത്രമായ നിയമങ്ങളും വിദ്യാര്‍ത്ഥികള്‍ സൗത്ത്ലൈവിനോട് വിവരിച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ വാതില്‍ ലോക്ക് ചെയ്ത് വസ്ത്രം മാറരുതെന്നതാണ് ഒരു നിയമം. രണ്ട് ബെഡ് അടുപ്പിച്ചിട്ടാല്‍ ലെസ്ബിയന്‍ എന്ന് ആക്ഷേപിക്കും. അര്‍ധരാത്രി ഒരു മണിയ്ക്കും രണ്ട് മണിയ്ക്ക് ആണെങ്കിലും വാര്‍ഡന്‍ വന്ന് മുട്ടിയാല്‍ വാതില്‍ തുറയ്ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കോളേജ് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കണമെന്നതാണ് ചട്ടം. എന്നാല്‍ ഇതുവരെ കോളേജില്‍ ആ ചട്ടം പാലിക്കപ്പെട്ടിട്ടില്ല. യോഗത്തില്‍ 20 ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവെച്ചു. ഒരാഴ്ച്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു അന്ന് പ്രിന്‍സിപ്പലും മാനേജ്മെന്റും തന്ന ഉറപ്പ്. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും ഒന്നിനും ഒരു മാറ്റമുണ്ടായില്ല. തുടര്‍ന്നാണ് ഞങ്ങള്‍ സമരം ആരംഭിച്ചത്. കോളേജില്‍ 370 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവരില്‍ ഒമ്പത് പേര്‍ മാത്രമാണ് ആണ്‍കുട്ടികള്‍. ജനറല്‍ ബോഡി യോഗം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പിടിഎ മീറ്റിങ്ങ് വിളിച്ചു.
രാഹുല്‍ എന്ന വിദ്യാര്‍ത്ഥി മാത്രമാണ് മൂന്നാം വര്‍ഷത്തിലെ ഏക ആണ്‍കുട്ടി. എസ്സി/ എസ്ടി വിദ്യാര്‍ത്ഥിയാണ്. പിടിഎ മീറ്റിങ്ങില്‍ അവനെ അധിക്ഷേപിച്ചായിരുന്നു പ്രിന്‍സിപ്പലിന്റേയും അധികൃതരുടേയും പരാമര്‍ശങ്ങള്‍. ‘താണ ജാതിയായതിനാല്‍ ഒരുപാട് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആളാണ് രാഹുല്‍. അവനെ സംരക്ഷിക്കാന്‍ ഒരുപാട് പേര്‍ കാണും. എല്ലാം കഴിഞ്ഞാല്‍ അവന്‍ മൂടുംതട്ടി പോകും. നിങ്ങളാണ് പെടുക’ എന്ന തരത്തിലായിരുന്നു പരാമര്‍ശങ്ങള്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരൊറ്റ അധ്യാപകര്‍ പോലും യോഗത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് രസകരമായ കാര്യം. ആനന്ദ് എന്ന മുന്‍ വിദ്യാര്‍ത്ഥിയേയും ഇതുപോലെ ജാതിപരമായി അധിക്ഷേപിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.