ഡര്‍ബന്‍: യാത്ര ചെയ്യുമ്പോഴും പുറത്ത് പോവുമ്പോഴും കാശ് കൊടുത്ത് ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. അതുമല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളെയും മറ്റും ഉപയോഗപ്പെടുത്തും. ഇനി പൈസ മുടക്കണം എന്നാണെങ്കില്‍ ചുരുങ്ങിയത് അഞ്ചോ പത്തോ കൊണ്ട് കാര്യം നടത്തുകയും ചെയ്യും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ റാസ ഖാന് പറയാനുള്ളത് അല്‍പം ചെലവ് കൂടിയ കഥയാണ്. സുഹൃത്തും റാസയും റസ്റ്റോറന്റില്‍ കയറി. മൂത്രമൊഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കിട്ടിയ 190രൂപയുടെ ബില്ലാണ് കഥയിലെ താരം. ബില്ല് ഭക്ഷണത്തിന്റേത് അല്ല എന്നതാണ് ട്വിസ്റ്റ്.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലെ ടോയ്‌ലറ്റ് ഉപയോഗിച്ചതിനുള്ള ചാര്‍ജാണ് 190 രൂപ. ഈ അനുഭവം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. ‘ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതായിരിക്കും’ റാസയും സുഹൃത്തും ജോളി ഗ്രബര്‍ എന്ന പേരിലുള്ള ഈ റസ്‌റ്റോറന്റിലെ ടോയ്‌ലറ്റ് ഉപയേ ാഗിച്ചതിന് 40റാന്റ് (190രൂപ)യുടെ ബില്ലാണ് ഇവര്‍ക്കു ലഭിച്ചത്.
ബീച്ചില്‍ നിന്നും കൂട്ടം കൂട്ടമായി ആളുകള്‍ റസ്‌റ്റോറന്റിലെത്തി ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്രയും വലിയ തുക ഈടാക്കുന്നതെന്നാണ് കടയുടമ ജുനൈദ് പറയുന്നത്. തന്റെ കസ്റ്റമേഴ്‌സിന് സൗജന്യമായി ടോയ്‌ലറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘ടോയ്‌ലറ്റ് ജോളി ഗ്രബറിലെ ഉപയോക്താക്കള്‍ക്കു മാത്രം. ഡ്രിങ്‌സ് മാത്രം വാങ്ങിയാല്‍ ടോയ്‌ലറ്റ് ഉപയോഗിക്കാനാവില്ല. അനുമതിയില്ലാതെ ഈ ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്’ എന്നും ഈ റസ്‌റ്റോറന്റിന്റെ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. എന്തായാലും ഇദ്ദേഹത്തിനുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.