യുഎസില്‍ മലയാളി കുടുംബത്തെ കാണാതായ സംഭവം; വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: യുഎസില്‍ കാണാതായ മലയാളികുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കുടുംബം യാത്രയ്ക്കിടെ നദിയിലെ കുത്തൊഴുക്കില്‍ അകപ്പെടുകയായിരുന്നുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വാഹനഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരുടേതെന്ന് സംശയിക്കുന്ന ചില വസ്തുക്കളും ലഭിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് സാന്‍ഹോസെയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കുടുംബത്തെ കാണാതായത്. വിനോദയാത്രയ്ക്ക് ശേഷം തെക്കന്‍ കാലിഫോര്‍ണിയയിലെ വലന്‍സിയയിലെ വീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു ഇവര്‍. മലയാളികളായ സന്ദീപ്(42), ഭാര്യ സൗമ്യ(38), മക്കളായ സിദ്ധാന്ത്(12), സാക്ഷി(9) എന്നിവരായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. ഇവരുടെ കാറിനു സമാനമായ എസ്‌യുവിയാണ് നദിയില്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ക്ലാമത്-റെഡ്‌വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് സമീപമുള്ള നദിയിലേക്ക് കാര്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. കാലിഫോര്‍ണിയയിലെ ഹൈവെ പെട്രോള്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. വാഹനം കണ്ടെത്താനായില്ലെങ്കിലും ബോഡിയുടെയും ഇന്റീരിയറിലെയും ചിലഭാഗങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

Top