കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ഇത് മതപരമായ വിഷയം കൂടിയാണെന്നും ട്രംപ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.
കശ്മീര്‍ വിഷയത്തില്‍ തനിക്ക് ചെയ്യാനാകുന്നതിന്‍റെ പരമാവധി ചെയ്യുമെന്നും തനിക്ക് മധ്യസ്ഥത വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന് മതപരമായി വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്ലീംങ്ങളും. പതിറ്റാണ്ടുകളായി കശ്മീര്‍ വിഷയം അങ്ങനെയാണ് നീങ്ങുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ട്രംപ് ടെലഫോണില്‍ സംസാരിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ സംസാരിക്കരുതെന്നും പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴാണ് കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന് വാദിച്ച് കഴിഞ്ഞമാസവും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം.