ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം ധനികരുടെ കയ്യില്‍; ഞെട്ടിക്കുന്ന കണക്കുകളുമായി സര്‍വേ

ദാവോസ്: ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ കയ്യാളുന്നത് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളമെന്ന് ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ശക്തമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തുറന്നു കാണിക്കുന്ന റിപ്പോര്‍ട്ടാണ് ഓക്സ്ഫോം പുറത്തിറക്കിയത്.

ആഗോള തലത്തിലും ഇന്ത്യയിലും സാമ്പത്തിക അസമത്വം രൂക്ഷമാകുന്നുവെന്ന് ഓക്‌സ്ഫാം സംഘടിപ്പിച്ച സര്‍വേ പറയുന്നു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയാണ് ഓക്‌സ്ഫാം. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട സമ്പത്തില്‍ 73 ശതമാനവും സ്വന്തമാക്കിയത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന കോടീശ്വരന്മാരാണ്. മൊത്തം ജനസംഖ്യയില്‍ 67 കോടി പേര്‍ ഇപ്പോഴും ദരിദ്രര്‍. ഇവരുടെ സമ്പത്തില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ വര്‍ദ്ധന ഒരു ശതമാനം മാത്രം!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന കോടീശ്വരന്മാര്‍ കൈയാളിയിരുന്നത് മൊത്തം സമ്പത്തിന്റെ 58 ശതമാനമായിരുന്നു. കോടീശ്വരന്മാരുടെ ആസ്തിയില്‍ 2017ല്‍ ഉണ്ടായ വര്‍ദ്ധന 20.9 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്തം ബഡ്ജറ്റിനു തുല്യമാണിത്. ആഗോള തലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായ വര്‍ഷമാണ് 2017. ഓരോ രണ്ടു ദിനത്തിലും ഒരു ശതകോടീശ്വരന്‍ വീതമുണ്ടായി. 2010 മുതല്‍ ശതകോടീശ്വരന്മാരുടെ ആസ്തിയിലുണ്ടായ വര്‍ദ്ധന 13 ശതമാനം. സാധാരണക്കാരുടെ ആസ്തിയിലുണ്ടായ വര്‍ദ്ധന രണ്ടു ശതമാനം മാത്രം. സര്‍വേയില്‍ പത്ത് രാജ്യങ്ങളില്‍ നിന്നായി 70,000 പേര്‍ പങ്കെടുത്തു.

2017ല്‍ 17 പുതിയ ശതകോടീശ്വരന്മാരെ ഇന്ത്യ സൃഷ്ടിച്ചു. മൊത്തം ശതകോടീശ്വരന്മാര്‍ 101. ഇവരുടെ സ്വത്തില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ വര്‍ദ്ധന 4.89 ലക്ഷം കോടി രൂപ. ഇന്ത്യന്‍ ശതകോടീശ്വരന്മാരിലെ 37 ശതമാനം പേര്‍ക്ക് കുടുംബസ്വത്തിന്റെ പിന്‍ബലമുണ്ട്. ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ നാല് പേരാണ് സ്ത്രീകള്‍. ഇവരില്‍ മൂന്നു പേര്‍ക്ക് കുടുംബ സ്വത്തിന്റെ പിന്‍ബലമുണ്ട്. ആഗോള തലത്തില്‍ മൊത്തം സമ്പത്തിന്റെ 82 ശതമാനവും ഒരു ശതമാനം വരുന്ന കോടീശ്വരന്മാരുടെ കൈയിലാണ്.

”ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാകണമെന്നാണ്. അത് പണക്കാരുടെ സമ്പത്ത് കൂട്ടാന്‍ വേണ്ടി മാത്രമാകരുത്.”- ഓക്‌സ്ഫാം ഇന്ത്യയുടെ സി.ഇ.ഒ നിഷ അഗര്‍വാള്‍ പറഞ്ഞു.

Top