ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിന് മുകളില്‍ അമേരിക്കന്‍ പതാക ഉയര്‍ന്നപ്പോള്‍ കടലുകള്‍ക്കിപ്പുറത്ത് തിരുവനന്തപുരം തൈക്കാട് വിമല പദ്മനാഭന്‍ കോലപ്പ എന്ന വീട്ടമ്മ മരിച്ചിട്ട് 48 മണിക്കൂറുകളേ ആയിരുന്നുള്ളൂ. വിമലയെന്ന 84 കാരി വീട്ടമ്മയും അമേരിക്കയും തമ്മിലെന്ത് ചോദിക്കുന്നവരോടാണ് ഇനിയുള്ള കഥ.
സ്നേഹസമ്മാനം
തലസ്ഥാനത്ത് നിന്നും 23ാം വയസില്‍ അമേരിക്കയിലെത്തി ജീവിതത്തോടും വിധിയോടും പോരാടി ഒടുവില്‍ അമേരിക്കന്‍ ബിസിനസ് രംഗത്ത് അജയ്യനായി വളര്‍ന്ന വിമല്‍ കോലപ്പയ്ക്ക് അമേരിക്ക നല്‍കിയ സ്നേഹസമ്മാനമായിരുന്നു അദ്ദേഹത്തിന്റെ അമ്മയ്ക്ക് നല്‍കിയ ആദരം. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളിവനിതയ്ക്ക് വേണ്ടി പാര്‍ലമെന്റ് സമുച്ചയത്തില്‍ പതാക ഉയര്‍ത്തുന്നത്. പാര്‍ലമെന്റംഗവും അമേരിക്കയിലെ ഇന്ത്യാക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ തത്പരനുമായ ജോര്‍ജ് ഹോര്‍ഡിംഗിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് വിമലയ്ക്ക് ആദരം നല്‍കാന്‍ തീരുമാനിക്കുന്നത്.
കാപിറ്റോള്‍ ഫ്ലാഗ് പ്രോഗ്രാം
1937 ല്‍ ആരംഭിച്ച കാപിറ്റോള്‍ ഫ്ലാഗ് പദ്ധതി പ്രകാരം യുഎസ് പാര്‍ലമെന്റിന് മുകളില്‍ എല്ലാദിവസവും ഒരു പതാക ഉയരും. ഇത് ഓരോ വ്യക്തികള്‍ക്കും നല്‍കുന്ന ആദരമായാണ് കണക്കാക്കുക. പാര്‍ലമെന്റംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ആര്‍ക്കിടെക്ട് ഒഫ് ദി കാപ്പിറ്റോള്‍(എ.ഒ.സി)യാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ക്രിസ്മസ്സ്, ന്യൂഇയര്‍ തുടങ്ങി വിശേഷ ദിനങ്ങളില്‍ മാത്രമാണ് ഇതൊഴിവാക്കുന്നത്. 24 മണിക്കൂര്‍ ഫ്ലാഗ് ഉയര്‍ത്തിയതിന് ശേഷം എ.ഒ.സിയുടെ സര്‍ട്ടിഫിക്കറ്രും ഫ്ലാഗും ആ വ്യക്തിയുടെ ബന്ധുക്കള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും. ഇതിനോടകം ഏകദേശം ഒരു ലക്ഷത്തില്‍പ്പരം ആളുകളോടുള്ള ആദരസൂചകമായി പാര്‍ലമെന്റിന് മുകളില്‍ പതാക ഉയര്‍ന്നിട്ടുണ്ട്.
ഹോര്‍ഡിംഗിന്റെ ഇടപെടല്‍
വിമല്‍ കോലപ്പയുടെ മകന്റെ വിവാഹച്ചടങ്ങുകള്‍ക്കിടയിലാണ് ഹോര്‍ഡിംഗ് വിമലയുമായി പരിചയപ്പെടുന്നത്. കേരളത്തോടുള്ള വിമലയുടെ കരുതലും അമേരിക്കയിലെ ആളുകളോടുള്ള അവരുടെ സ്നേഹം ഹോള്‍ഡിംഗിനെ ആകര്‍ഷിച്ചു. അമേരിക്കന്‍ മലയാളികളോടും ഇന്ത്യക്കാരോടും ഹോര്‍ഡിംഗിന് വലിയ താത്പര്യമാണ്. ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ വേരുറപ്പിക്കാനുള്ള എല്ലാ പിന്തുണയും അദ്ദേഹം നല്‍കിയിരുന്നു. ഹോര്‍ഡിംഗിന്റെ സുഹൃത്തും വിശ്വസ്തനുമായ വിമലിന്റെ അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ അദ്ദേഹം പതാക ഉയര്‍ത്താനുള്ള അപേക്ഷ എ.ഒ.സിക്ക് നല്‍കുകയായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിമലയുടെ അന്ത്യം. ഹോട്ടല്‍-റസ്റ്ററന്റ് ബിസിനസ് മേഖലയില്‍ അമേരിക്കയിലെ അറിയപ്പെടുന്ന സംരഭകനാണിന്ന് വിമല്‍ കോലപ്പ. നോര്‍ത്ത് കരോലീന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിമലിന് 20 ഹോട്ടലുകളുണ്ട്.1976ലാണ് വിമല്‍ അമേരിക്കയിലെത്തുന്നത്.അമ്മ വിമലിന്റെയ
ടുത്ത് പലതവണ വന്നിട്ടുണ്ട്.തിരുവനന്തപുരം ശക്തി തിയറ്റര്‍ ഉടമയായിരുന്ന പരേതനായ പദ്മനാഭന്‍ മുതലാളിയുടെ ഭാര്യയാണ് വിമല.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതയ്ക്ക് ഇത്തരത്തിലുള്ള ആദരം അമേരിക്കയില്‍ ലഭിക്കുന്നത്.