യുഎസ്​ യുദ്ധക്കപ്പൽ അതിര്‍ത്തി കടന്നു; അമേരിക്കക്കെതിരെ ചൈന

ബെയ്ജിങ് : ദക്ഷിണ ചൈനാക്കടലിലെ സ്​പ്രാറ്റ്ലി ദ്വീപസമൂഹത്തിന്റെ സമീപത്തുകൂടി അമേരിക്കന്‍യുദ്ധക്കപ്പൽ കടന്നുപോയതിനെ തുടര്‍ന്ന് അമേരിക്കക്കെതിരെ ചൈന രംഗത്തെത്തി. തർക്കമേഖലയായ ദക്ഷിണ ചൈനാക്കടലിൽ യുഎസ് യുദ്ധക്കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന. മുന്നറിയിപ്പു നൽകിയിട്ടും യുഎസിന്റെ നടപടി പരമാധികാരത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയ ചൈന യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ദക്ഷിണ ചൈനാക്കടലിൽ വിവിധ രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന സ്‌പ്രാറ്റ്‌ലി ദ്വീപസമൂഹങ്ങളിലെ സുബി റീഫിലാണ് ചൈന കൃത്രിമ ദ്വീപ് നിർമിക്കുന്നത്.തങ്ങളുടെ പ്രദേശത്ത് അനുവാദം കൂടാതെ പ്രവേശിച്ച അമേരിക്കന്‍ നിലപാട് നിയമവിരുദ്ധമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നും ചൈന പ്രതികരിച്ചു.
ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദ്വീപുകളായ സ്​പ്രാറ്റ്ലി ദ്വീപസമൂഹത്തിന്റെ 12 നോട്ടിക്കൽ മൈൽ അകലത്തിലൂടെ    ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 6.40നാണ് അമേരിക്കയുടെ എസ്​ ലാസൻ എന്ന കപ്പല്‍ കടന്നു പോയത്. അമേരിക്കയുടെ ഈ നീക്കം രാജ്യത്തിന്റെ  പരമാധികാരത്തിനുനേരെയുണ്ടായ വെല്ലുവിളിയാണെന്നും നടപടിയില്‍ അസംതൃപ്തരാണെന്ന് ചൈനീസ്​ വിദേശകാര്യ വക്താവ് വ്യക്തമാക്കി. സുബി, മിസ്​ചീഫ് പവിഴദ്വീപുകളുടെ അരികിലൂടെയാണ് കപ്പൽ സഞ്ചരിച്ചത്.

ലോകത്തിലെ തിരക്കേറിയ കപ്പൽപ്പാതകളിലൊന്നായ ദക്ഷിണ ചൈനക്കടലിന്റെ ഭാഗങ്ങള്‍ക്ക് അവകാശം ഉന്നയിച്ചു വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, ഫിലിപ്പീൻസ്​, തായ്വാൻ എന്നീ രാജ്യങ്ങള്‍ രംഗത്തുണ്ടെങ്കിലും കപ്പല്‍ ചാലില്‍ ചൈന സ്വാധീനം ശക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ചൈന ഇവിടം സൈനിക ആവശ്യത്തിന് ഉപയോഗിക്കുമോ എന്ന ഭീതിമൂലമാണ് അമേരിക്ക ദക്ഷിണ ചൈനാക്കടലില്‍ യുദ്ധക്കപ്പല്‍ എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top