കൊല്ലം: അഞ്ചലില്‍ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചല്‍ പോലീസ് സംഘമാണ് ഭർത്താവ് സൂരജിന്റെ മാതാപിതാക്കളില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും. വൈദ്യപരിശോധനയ്ക്ക് ശേഷമാകും കുഞ്ഞിനെ കൈമാറുക. അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഉത്രയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ഏറ്റെടുക്കും.
ഇന്നലെയാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. എന്നാല്‍ തിങ്കളാഴ്ച രാത്രി അടൂര്‍ പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും കൊണ്ട് സൂരജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് കടന്നിരുന്നു. പൊലീസിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് കുഞ്ഞിനെ തിരികെ കൊണടുവന്നത്. അതിനിടെ സുരജിന്റെ വീട്ടുകാരേയും കേസിൽ പ്രതിചേർക്കുമെന്ന് പറയുന്നു.
അതേസമയം ഉത്രയെ കടിച്ച പാമ്പിനെ പോസ്‌റ്റ് മോർട്ടംചെയ്യും. അതിനായി കുഴിച്ചിട്ട പാമ്പിനെ പുറത്തെടുക്കും. ഉറങ്ങി കിടക്കുമ്പോൾ ഉത്രയെ ഭർത്താവ് സൂരജ് കരിമൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നകേസിലാണ് അപൂർവ്വമായ നടപടി. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാലാണ് കൂടുതൽ ശാസ്‌ത്രീയമായ നടപടികളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീങ്ങുന്നത്. ഉത്രയുടെ വീട്ടിൽവെച്ചാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നത്.
അതേസമയം കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്. സൂരജിന്റെ വീട്ടുകാർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആരോപിച്ചിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും പണം വാങ്ങി സൂരജ് പാമ്പുകളെ വാങ്ങിയ ഇടങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തും.