കൊല്ലം:അഞ്ചലിൽ ഉത്ര കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തിയത് ഫോൺ വിളിയിലെ സൂചന വെച്ച് . അടൂരിലുള്ള സൂരജിന്‍റെ വീട്ടില്‍ പാമ്പുമായി ചിലർ എത്തിയെന്നും സൂരജ് കൈകൊണ്ട് പാമ്പിനെ എടുത്തെന്നും പതിവ് ഫോൺ വിളിക്കിടെ ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ഇക്കാര്യം മാതാപിതാക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞതാണ് സൂരജിനെ സംശയനിഴലിലാക്കിയത്.ഇതാണ് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെ സംശയനിഴലിലാക്കിയത് ഉത്രയുടെ ഫോൺ കോൾ. ഇതു തന്നെയാണ് ഉത്രയുടെ ഭർത്താവ് സൂരജിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചത്.
ഉത്രയുടെ മരണത്തിനു പിന്നാലെയാണ് മാതാപിതാക്കൾ ഭർത്താവ് സൂരജിനെതിരെ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച്ത്. ആറ് മാസത്തോളമായി സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്നതായിരുന്നു അവരുടെ പ്രധാന ആരോപണം.
പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായതിന്‍റെ ഞെട്ടലിലാണ് കേരളം. ഭർത്താവ് സൂരജും കൂട്ടാളികളും പൊലീസ് പിടിയിലായതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. 10000 രൂപയ്ക്ക് പാമ്പാട്ടിയിൽനിന്ന് വാങ്ങിയ കരിമൂർഖനെ ഉപയോഗിച്ചാണ് സൂരജ് അഞ്ചൽ സ്വദേശിയായ ഭാര്യ ഉത്രയെ കടിപ്പിച്ചു കൊന്നത്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. സ്വത്ത് തട്ടിയെടുക്കാനാണ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. രണ്ടാംതവണയാണ് പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതെന്നും വ്യക്തമായി. ആദ്യത്തെ തവണ പാമ്പുകടിയേറ്റ ഉത്ര തലനാരിഴയ്ക്കാണ് ദിവസങ്ങൾനീണ്ട ചികിത്സയ്ക്കൊടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
മരിച്ച ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കല്ലുവാതക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്. ആറ് മാസം ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇതിനു പിന്നാലെയാണ് സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഫോൺ വിളിയുടെ രേഖകൾ വച്ചുള്ള ചോദ്യം ചെയ്യലിനൊടുവിൽ സൂരജിന് കുറ്റം സമ്മതിക്കേണ്ടി വന്നു.
10000 രൂപയ്ക്ക് പാമ്പുകളെ വാങ്ങിയത് യൂട്യൂബ് വീഡിയോ ചെയ്യാനാണെന്ന് പറഞ്ഞെന്ന് സൂരജ് പോലീസിനോട് സമ്മതിച്ചത്.ആദ്യം അണലിയെയാണ് സൂരജ് വാങ്ങിയത്. കല്ലുവാതുക്കലുള്ള സുരേഷ്, പാമ്പിനെ അടൂരിലുള്ള സൂരജിന്‍റെ വീട്ടിൽ എത്തിച്ചുനൽകുകയായിരുന്നു. വീട്ടുകാർ കാണാതെയാണ് പാമ്പിനെ കൈമാറിയത്. മാർച്ച് രണ്ടിന് ഉത്രയെ അണലി കടിക്കുകയും ചെയ്തു. അതിനും രണ്ടുദിവസം മുമ്പ് കിടപ്പുമുറിക്ക് പുറത്ത് സ്റ്റെയർകേസിന് അടിയിൽ ഉത്ര പാമ്പിനെ കാണുകയും ചെയ്തിരുന്നു. അണലിയുടെ കടിയേറ്റു വളരെ വൈകിയാണ് ഉത്രയെ ആശുപത്രിയിൽകൊണ്ടുപോയത്. ബോധരഹിതയായശേഷമായിരുന്നു ഇത്. അന്ന് ഗുരുതരാവസ്ഥയിലായ ഉത്ര തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് സൂരജ് വീണ്ടും സുരേഷിനെ സമീപിച്ചു പാമ്പിനെ വാങ്ങിയത്. ലോക്ക്ഡൌൺ സമയമായിരുന്ന മെയ് ആറിന് ഉച്ചയ്ക്കുശേഷമാണ് സൂരജ് കല്ലുവാതുക്കലെത്തി സുരേഷിനെ കണ്ടത്. ഇത്തവണ മൂർഖൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് സൂരജ് ആവശ്യപ്പെട്ടത്. വിഷമുള്ള പാമ്പിനെ വേണമെന്നും ഇയാൾ പറഞ്ഞു. സംശയമൊന്നും തോന്നാതിരുന്ന സുരേഷ് അപ്പോൾ കൈവശമുണ്ടായിരുന്ന കൊടുംവിഷമുള്ള കരിമൂർഖനെ തന്നെ നൽകുകയും ചെയ്തു. കുപ്പിയിൽ അടച്ചാണ് പാമ്പിനെ നൽകിയത്. ഈ കുപ്പി ബാഗിലിട്ടശേഷമാണ് സൂരജ് അഞ്ചൽ ഏറത്തെ ഉത്രയുടെ വീട്ടിലേക്ക് വന്നത്. അന്ന് രാത്രി തന്നെയാണ് രണ്ടാമതും ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. മരണം ഉറപ്പാക്കിയശേഷം പാമ്പിനെ തിരികെ കുപ്പിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലെ അലമാരയുടെ അടിയിലേക്ക് കടന്ന പാമ്പിനെ സൂരജിന് പിടിക്കാനും സാധിച്ചില്ല.
പിറ്റേദിവസം രാവിലെ അമ്മ വന്ന് വിളിക്കുമ്പോൾ ചലനമറ്റ നിലയിലായിരുന്നു ഉത്ര. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീരം പരിശോധിച്ചപ്പോൾ കൈത്തണ്ടയിൽ കടിയേറ്റ പാട് ദൃശ്യമായിരുന്നു. ഇതേത്തുടർന്ന് തിരിച്ചെത്തി മുറിയിൽ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തുകയും അതിനെ തല്ലിക്കൊല്ലുകയും ചെയ്തു. ഉത്രയുടെ മരണശേഷം സൂരജിന്‍റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ജനൽ വഴി പാമ്പ് ഉള്ളിൽ കടന്നതാകാമെന്ന സൂരജിന്‍റെ മൊഴിയും എല്ലാവരിലും സംശയം ജനിപ്പിച്ചു. എസി മുറിയുടെ ജനാല രാത്രി തന്നെ ഉത്രയുടെ അമ്മ അടച്ചിരുന്നു. പിന്നീട് സൂരജ് അത് തുറന്നിടുകയായിരുന്നു.
മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത് കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പ ദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.