കൊല്ലം : അഞ്ചലില്‍ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതാണെന്ന വാർത്ത അടൂരിലെയും അഞ്ചലിലെയും ഇരുവരുടെയും ബന്ധുക്കളിലും നാട്ടുകാരിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് പൊലീസിനോട് സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടനുണ്ടാകും. സാമ്പത്തിക ലാഭത്തിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളാണ് ഉത്ര(25).
മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടില്‍വെച്ച് മേയ് ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു.
ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാര്‍ച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറില്‍ വെച്ചിരുന്ന ഉത്രയുടെ 92 പവന്‍ സ്വര്‍ണം സൂരജ് എടുത്തിരുന്നു. ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം.
തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്‌പി ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പ് പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.
പാമ്പുപിടുത്തക്കാരന് 10,000 രൂപ നല്‍കി സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയെന്ന് പൊലീസിന് മനസ്സിലായി. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സൂരജും ബന്ധുവുമാണ് കേസില്‍ പ്രതികളാകാന്‍ സാധ്യത. പാമ്പുപിടുത്തക്കാരന്‍ പ്രധാനസാക്ഷിയായേക്കും.
ഏറെ ഒച്ചപ്പാടുണ്ടാക്കിയ അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25) മരണത്തിലാണ് ഭർത്താവ് സൂരജും കൂട്ടാളികളും ഇന്ന് പിടിയിലായത്. അടൂർ പറക്കോട് സ്വദേശിയായ സൂരജിനൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടി. ഉറക്കത്തിൽ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യമുതൽക്കേ സംശയിച്ചത്. സാഹചര്യത്തെളിവുകൾ ലഭിച്ചതോടെ സൂരജിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10000 രൂപ നൽകി വാങ്ങിയ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായാണ് സൂചന.
ഉത്രയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്നുകാട്ടി റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഏറം വെള്ളിശേരിൽ വീട്ടിൽ 25കാരിയായ ഉത്ര വീട്ടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ചാണ് അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയും പരാതി നൽകിയത്. സൂരജിന്‍റെ മൊഴികളിലെ വൈരുദ്ധ്യവും ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റവുമാണ് പരാതി നൽകാൻ കാരണമായത്.
മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത് കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പ ദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.