തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. മരുമകള്‍ തട്ടിപ്പുകാരിയാണെന്നും കേസ് കൊടുത്ത് പണം തട്ടാനുള്ള സാമര്‍ത്ഥ്യം അവര്‍ക്കുണ്ടെന്നുമാണ് ഭര്‍തൃ മാതാപിതാക്കളുടെ ആരോപണം. കേസിലെ ആരോപണവിധേയനായ ജയന്തന്‍ അവരുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ പറയുന്നു.
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനും അനുജനും രണ്ടു കൂട്ടാളികള്‍ക്കുമെതിരെ വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പ്രതികരണം വരുന്നത്. യുവതി ഉന്നയിച്ച ആരോപണത്തില്‍ നേരത്തേ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കേസ് യുവതിയെ വിരട്ടി പൊലീസ് ഒതുക്കിത്തീര്‍ത്തുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് മരുമകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്
മരുമകള്‍ വലിയ തട്ടിപ്പുകാരിയാണെന്ന് ആരോപിച്ച അവര്‍ കേസ് കൊടുക്കുന്നത് സ്ഥിരം പരിപാടിയാണെന്നും കുറ്റപ്പെടുത്തി. പണം തട്ടാനാണ് ഉദ്ദേശ്യമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇവരുടെ കുട്ടികള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് തങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണ്. ജയന്തന്‍ അവരില്‍ നിന്ന് മൂന്നരലക്ഷം രൂപ കടം വാങ്ങിയെന്ന് വിശ്വസിക്കാനാകില്ല.
പരാതിക്കാരിയും ഭര്‍ത്താവും നിയമപരമായി വിവാഹിതരല്ല. നേരത്തെ ജയന്തനും തങ്ങളുടെ മകനും സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സ്വത്ത് മുഴുവന്‍ മകനും മരുമകളും ചേര്‍ന്ന് ധൂര്‍ത്തടിച്ചു. ഉള്ള സ്വത്ത് കൂടി സ്വന്തമാക്കാനുള്ള ഇവരുടെ നീക്കം മുന്നില്‍ക്കണ്ട് തങ്ങള്‍ മെഡിക്കല്‍ കോളേജ് പൊലീസിന് നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നും ജയന്തനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു