കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. ആന്ധ്ര സ്വദേശി മറ്റൊരു കെട്ടിടത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണിതെന്നാണ് വിവരം. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
താലൂക്ക് ഓഫീസിനോട് ചേർന്നുള്ള ലാൻഡ് അക്വിസിഷൻ ഓഫീസിലെ ശൗചാലയത്തിൽ കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായിരുന്നു. ഈ ഓഫീസിലെ ചുമരിൽ തെലുങ്കിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകളും കണ്ടെത്തിയിരുന്നു. ഇതിനു പുറമെ 12-ന് എടോടിയിലെ ഒരുകെട്ടിടത്തിനു മുകളിലും പഴയസാധനങ്ങൾ കൂട്ടിയിട്ട് തീയിട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് ഒരാൾ കയ്യിലൊരു കുപ്പിയുമായി കയറിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ആന്ധ്ര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ ചോദ്യംചെയ്യുകയാണ്. ഇയാളാണോ പ്രതി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന.
ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്നാണ് ഇലക്ട്രിക്കൽ വിദഗ്ധരും കെഎസ്ഇബിയും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വെളിവായത്. തീപിടുത്തത്തിൽ അട്ടിമറി സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിനുപിന്നിൽ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. പൈതൃക കെട്ടിടമായി ഇതിനെ സംരക്ഷിച്ച് 2017ൽ പുതുക്കിയിരുന്നു.1920 മുതലുള്ള താലൂക്കിലെ റവന്യു രേഖകൾ കെട്ടിടത്തിലുണ്ടായിരുന്നു. വടകര, പേരാമ്പ്ര, കൊയിലാണ്ടി, തലശേരി, നാദാപുരം എന്നിവിടങ്ങളിൽ നിന്ന് ഏഴു യൂണിറ്റ് ഫയർഫോഴ്സ് നാലുമണിക്കൂർ നേരം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
സംഭവത്തിൽ ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഏതു രീതിയിൽ അന്വേഷണം വേണമെന്നു തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
2019 മുതൽ രേഖകൾ ഡിജിറ്റൈസ് ചെയ്താണ് സൂക്ഷിക്കുന്നത്. എന്നാൽ പട്ടയങ്ങൾ അടക്കമുള്ള പഴയ പല രേഖകളും കത്തിനശിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടതില്ല. തിങ്കളാഴ്ച മുതൽ ട്രഷറി കെട്ടിടത്തിൽ ഹെൽപ് ഡെ സ്ക് തുടങ്ങും. തീപിടിത്തവുമായി ബന്ധപ്പെട്ട ജനങ്ങളുടെ എല്ലാ വിഷയങ്ങളും ഇവിടെ ദൂരീകരിക്കുമെന്നു മന്ത്രി പറഞ്ഞിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് വടകര താലൂക്കോഫീസ് കെട്ടിടം അഗ്നിക്കിരയായത്. ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ തീപടർന്നതിനെത്തുടർന്ന് ആയിരക്കകണക്കിനു രേഖകൾ കത്തിച്ചാമ്പലായി. 1930 മുതലുള്ള രേഖകൾ ഇതിലുണ്ട്. 135 വർഷത്തോളം പഴക്കമുള്ള പൈതൃകപദവിയുള്ള കെട്ടിടത്തിലാണ് പുലർച്ചെ 5.30-ഓടെ തീപടർന്നത്.
രക്ഷാപ്രവർത്തനം വരെ ദുഷ്‌കരമാക്കുന്ന വിധത്തിലാണ് തീ ആളിക്കത്തിയത്. തഹസിൽദാരുടെ മുറിയും 70-ഓളം ജീവനക്കാർ ജോലിചെയ്യുന്ന വിവിധ സെക്ഷനുകളും കത്തിച്ചാമ്പലായി. 50 ഓളം കംപ്യൂട്ടർ, രണ്ടാഴ്ചമുമ്പ് സ്ഥാപിച്ച പുതിയ ഫർണിച്ചറുകൾ, മൂന്ന് ഹൈസ്പീഡ് സ്‌കാനർ, മൂന്ന് പ്രിന്റർ, സീലിങ്, മേൽക്കൂരയിലെ മരം, ഓടുകൾ എന്നിവയെല്ലാം നശിച്ചു.