തൃശൂര്‍: സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ ജയന്തനെ ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന കളിയാണോ പുതിയ വെളിപ്പെടുത്തലെന്ന് അണികള്‍ക്കുള്ളില്‍ ചര്‍ച്ച. കഴിഞ്ഞ നിയമ സഭാതിരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ വടക്കാഞ്ചേരിയിലെ ഗ്രൂപ്പിസം മറനീക്കി പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയിലെ പ്രാദേശിക ഗ്രൂപ്പുകള്‍ തമ്മില്‍ നിലനിന്ന പകപോക്കലാണ് യുവതിയുടെ വെളിപ്പെടുത്തലെന്നാണ് വടക്കാഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകര്‍ കരുതുന്നത്.
വടക്കാഞ്ചേരി പീഡനത്തില്‍ ആരോപണവിധേയനായ ജയന്തന്‍ അറിയപ്പെടുന്ന പലിശക്കാരനും കോണ്‍ഗ്രസുകാര്‍ക്കുവരെ പ്രിയങ്കരനാണെന്നും സൂചന. കെ പിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടങ്ങിയതാണ് വടക്കാഞ്ചേരിയിലെ സിപിഎം വിഭാഗീയത. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിലെത്തി
പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന യുവതിയെ രംഗത്തിറക്കിയത് സിപിഎമ്മിലെ ഒരു വിഭാഗമാണെന്നും സൂചനയുണ്ട്. നേരത്തെ ഇത്തരത്തില്‍ രംഗത്തിറക്കിയെങ്കിലും ജയന്തന്റെ സ്വാധീന ഫലമായി യുവതി പീഡനം നടന്നില്ലെന്ന് മജിസ്ട്രേറ്റിനു മുമ്പില്‍ മൊഴി മാറ്റുകയായിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ആരോപണവുമായി രംഗത്തെത്തിയതിന് പിന്നിലെന്ന് സിപിഎം നേതൃത്വവും കരുതുന്നു. ജില്ലയിലെ പ്രമുഖ നേതാക്കളുടെ ബിനാമിയെന്ന ആരോപണവും ജയന്തനെതിരെയുണ്ട്.