പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ ഡ്രൈവര്‍ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സംപിൾ അയച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഈ പരിശോധന. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇയാളുടെ സാമ്പിൾ എടുത്തത്.വടക്കഞ്ചേരി അപകടത്തിൽ തുടര്‍ നടപടികൾ തീരുമാനിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു. ഡ്രൈവർക്കെതിരെ ഏതൊക്കെ വകുപ്പുകൾ ചുമത്തണം എന്നതിലായിരുന്നു ചർച്ച. ആലത്തൂർ ഡിവൈഎസ്പിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാൻ തീരുമാനിച്ചു.
അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ രക്ത സാമ്പിൾ പരിശോധന നടത്തി . കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിള്‍ അയച്ചിരിക്കുന്നത്. വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ജോമോനേയും കൊണ്ട് തെളിവെടുപ്പ് നടത്തും. ഇയാളുടെ മുന്‍കാല പശ്ചാത്തലം ഉള്‍പ്പടെ പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഡ്രൈവര്‍ക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണം എന്ന കാര്യം തീരുമാനിക്കാന്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ജോമോനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്. വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജോമോന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് നേരത്തെ അറിയിച്ചിരുന്നു. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും എസ് ശ്രീജിത്ത് അറിയിച്ചു. ബസില്‍ നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. അഭിഭാഷകനെ കാണാന്‍ പോകുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് എസ്പി ആര്‍ വിശ്വനാഥ് പറയുന്നത്. പരുക്കുമായി എത്തിയത് കൊണ്ട് ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.