മുബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാൻ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടർന്ന് മുംബൈ ചേമ്പൂരിലെ സുരാനാ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ വാജിദ് അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
സഹോദരൻ സാജിദ് ഖാനുമായി ചേർന്ന് നിരവധി ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. 1998 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമായ ‘പ്യാർ കിയാ തോ ഡർണാ ക്യാ’ എന്ന ചിത്രത്തിലുടെയാണ് വാജിദ് – സാജിദ് കൂട്ടുകെട്ട് സംഗീത സംവിധാന രംഗത്തേക്കെത്തുന്നത്.
വാണ്ടഡ് ,ഏക്ത ടൈഗർ, ദബാങ്ങ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയത് വാജിദ് ഖാനാണ്. ഐപിഎല്‍ നാലാം സീസണിലെ ‘ധൂം ധൂം ധൂം ദമാക്ക’ എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.
ലോക്ഡൗണിൽ സൽമാൻ ഖാൻ പുറത്തിറക്കിയ മ്യൂസിക് വിഡിയോകൾക്ക് ഈണം പകർന്നതും സാജിദ്–വാദിജ് സഹോദരന്മാരായിരുന്നു. റമസാൻ സ്പെഷലായി പുറത്തിറങ്ങി സോഷ്യൽ മീഡിയയിൽ തരംഗമായ സൽമാന്റെ ‘ഭായ് ഭായ്’ എന്ന ഗാനമാണ് വാജിദ് ഖാന്റെ ഏറ്റവും ഒടുവിലത്തെ ഗാനം