ഒന്നര വർഷത്തെ ലിവിങ് ടുഗെദർ അവസാനിച്ചത്‌ യുവാവിന്റെ മരണത്തിൽ; പെൺകുട്ടിയുടെ വീട് ആക്രമിച്ച് സുഹൃത്തുക്കൾ

വള്ളികുന്നം: ഒന്നര വർഷത്തെ ലിവിങ് ടുഗെദർ അവസാനിപ്പിച്ചു പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയതിൽ മനംനൊന്ത് യുവാവ് ആത്‍മഹത്യ ചെയ്തു.വള്ളിക്കുന്നാണ് സംഭവം. ആത്മഹത്യ ചെയ്ത യുവാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ഒരുമിച്ച് താമസിച്ചിരുന്ന പെൺകുട്ടി കത്തെഴുതിവെച്ച് സ്വന്തം വീട്ടിലേക്കു മടങ്ങിയതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.
വള്ളികുന്നം പുത്തൻചന്ത അഖിൽനിവാസിൽ രമയുടെ മകൻ അഖിലി(20)നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തിങ്കളാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ചൂനാട് സ്വദേശിനിയായ പെൺകുട്ടിക്കൊപ്പം ഒന്നരവർഷമായി അഖിൽ സ്വന്തം വീട്ടിലായിരുന്നു താമസം.ഒന്നരമാസം മുമ്പ് കത്തെഴുതിവച്ചശേഷം പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയി. തുടർന്ന് അഖിലിനും അമ്മയ്ക്കുമെതിരേ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പീഡനത്തിന് അഖിലിനെതിരേ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ നിരന്തരഭീഷണിയും പൊലീസ് കേസുമാണ് അഖിലിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനുള്ള നീക്കവും നാട്ടുകാർ നടത്തി. ഇതറിഞ്ഞ് മാവേലിക്കര സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Top