വനിതാ മതിലിന്റെ പേരില്‍ നടന്ന പണപ്പിരിവിനെതിരെ പാലക്കാട്ട് കൂടുതല്‍ പരാതികള്‍. ഒറ്റപ്പാലത്തും എലപ്പുളളിയിലും കൂപ്പണ്‍ നല്‍കാതെ ലക്ഷങ്ങളാണ് പിരിച്ചത്. അതേസമയം സഹകരണവകുപ്പിന്റെ അന്വേഷണം അട്ടിമറിക്കാനും പെന്‍ഷന്‍കാരെ സമ്മര്‍ദത്തിലാക്കി പരാതികള്‍ ഇല്ലാതാക്കാനും പണംപിരിച്ചവര്‍ നീക്കം തുടങ്ങി. എലപ്പുളളി പഞ്ചായത്ത് എട്ടാംവാര്‍ഡിലുളള ഗുരുസ്വാമിയെപ്പോലെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്നെല്ലാം വനിതാമതിലിന് പണം ഈടാക്കി.
രോഗികളും നിര്‍ധനരും വഴിയോരക്കച്ചവടത്തിലൂടെ ഉപജീവനം തേടുന്നവരുമെല്ലാം പണം നല്‍കിയവരാണ്. പ്രതികരണങ്ങള്‍ ഏറെയുണ്ടെങ്കിലും പരാതികള്‍ ഇല്ലാതാക്കാനാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ പേരില്‍ പണംപിരിച്ചവരുടെ ഇപ്പോഴത്തെ ശ്രമം.
തൊഴിലുറപ്പുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരോട് പരാതിപ്പെടരുതെന്ന് താക്കീത് നല്‍കി. പുതുശേരിയിലെ പണപ്പിരിവിനെക്കുറിച്ച് സഹകരണമന്ത്രി കടകംപളളി സുരേന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പാലക്കാട് സഹകരണ ജോയിന്റ് റജിസ്ട്രാര്‍ക്ക് മുന്നില്‍ കൂടുതല്‍ പരാതികള്‍ എത്തിക്കാതിരിക്കാനാണ് നീക്കം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതിപ്പെട്ടവരുടെ വീടുകളിലെത്തി സമ്മര്‍ദം ചെലുത്തി പരാതിയില്ലെന്ന് പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചാരണവുമുണ്ട്. ഒറ്റപ്പാലം, ആലത്തൂര്‍, കൊടുവായൂര്‍, കുഴല്‍മന്ദം എന്നിവിടങ്ങളിലും കൂപ്പണ്‍ നല്‍കിയും ഇല്ലാതെയും ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് ഇപ്പോഴും പിരിവ് തുടരുകയാണ്. പാലക്കാട് കോഒാപ്പറേറ്റീവ് പ്രസില്‍ കൂപ്പണുകള്‍ അച്ചടിച്ചതിനും തെളിവുകളുണ്ട്.