തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാങ്ങോട് നിന്നും ഷിബു, മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായ ഇര്‍ഷാദ്, റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായിരിക്കുന്നത്. ഇവരെ ഉടന്‍ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും.
സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലായവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബുധനാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതിനിടയില്‍ സംഭവത്തില്‍ അറസ്റ്റിലായ തിരുവനന്തപുരം പാങ്ങോട് സ്വദേശിയും മുസ്‌ളിം ലീഗ് പ്രാദേശിക നേതാവുമായ ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. സുഹൃത്തുമായി നടത്തിയ സംഭാഷണത്തില്‍ ഉടന്‍ കോടികള്‍ കൈയില്‍ വരുമെന്ന് ഷിബു പറയുന്നുണ്ട്. അതിന് മുന്പ് തനിക്ക് 50,000 രൂപ നല്‍കണമെന്നും ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരത്തുള്ള ബിസിനസ് ചീഫിന് നല്‍കാനാണ് പണമെന്നും പണം നല്‍കിയാല്‍ പ്രശസ്തനാകുമെന്നും സുഹൃത്തിനോട് ഷിബു പറയുന്നുണ്ട്. എന്നാല്‍, പണമില്ലെന്ന് പറഞ്ഞ് സുഹൃത്ത് കൈമലര്‍ത്തുന്നു. എങ്കില്‍ പണം കണ്ടെത്താനായി കുറച്ച് ക്രിട്ടിക്കല്‍ പണി എടുക്കേണ്ടി വരുമെന്ന് ഷിബു മറുപടി പറയുന്നു.
മോഷണമാണോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന സംശയത്തിലാണ് പോലീസ്. പൂജചെയ്തു കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശങ്ങളിലുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ കോള്‍ വിവരങ്ങളും പരിശോധിക്കും.
പിടിയിലായ ഷിബുവിന് തൊടുപുഴയില്‍ നിരവധി സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്. ഷിബു അടക്കം മൂന്നുപേരെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലായ നെടുങ്കണ്ടം സ്വദേശി നല്‍കിയ വിവരങ്ങളനുസരിച്ചാണ് ഷിബുവിനേയും മറ്റുള്ളവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.