വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ ലീഗ് നേതാവും ബിജെപി പ്രവര്‍ത്തകനും പിടിയില്‍; കോടികളുടെ കണക്ക് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ പിടിയിലായ മുസ്ലിം ലീഗ് നേതാവ് ഷിബു അനവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂവരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പൊലീസ്. ക്രൂരമായി കൊല നടത്തിയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് അനുമാനിക്കാവുന്ന തെളിവുകള്‍ പൊലീസിന്.

പ്രതികളെ ഇടുക്കി എആര്‍ ക്യാംപിലെത്തിച്ചു ചോദ്യംചെയ്യാന്‍ തുടങ്ങി. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലുണ്ട്. കസ്റ്റഡിയിലെടുത്തവര്‍ക്കു കൊല്ലപ്പെട്ടയാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നാണു പൊലീസിനു ലഭിച്ച സൂചന. പണമിടപാടു സംബന്ധിച്ച ഫോണ്‍ സംഭാഷണവും പുറത്തായി. രണ്ടു ദിവസത്തേക്ക് 50,000 രൂപ നല്‍കിയാല്‍ ഒരുലക്ഷമാക്കി തിരിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്നതാണു ഫോണ്‍ സംഭാഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്റെ ഗണ്‍മാനായിരുന്നു കസ്റ്റഡിയിലുള്ള തിരുവനന്തപുരം പേരൂര്‍ക്കട മണ്ണുംമൂല സ്വദേശിയായ റിട്ട. അസി. കമന്‍ഡാന്റ് രാജശേഖരന്‍. ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. സര്‍വീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു കുറച്ചുകാലം ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. തൃശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു റിട്ട. അസി. കമന്‍ഡാന്റിനെ കസ്റ്റഡിയിലെടുത്തത്. തച്ചോണം സ്വദേശി ഇര്‍ഷാദിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണു സൂചന.

കസ്റ്റഡിയിലുള്ള മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിനെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ളതാണു പലതും. പാങ്ങോട് സ്വദേശിയായ ഒരു മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്ന കേസാണ് അവസാനത്തേത്. കല്ലറ സ്വദേശിയുടെ കാര്‍ എടുത്തു ലോണ്‍ വച്ചു പണം വാങ്ങിയതുള്‍പ്പടെ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന നിരവധി പരാതികളുമുണ്ട്. കേസുകള്‍ ഒത്തു തീര്‍ക്കാന്‍ പൊലീസ് ഉന്നതര്‍ക്കു നല്‍കാനെന്നു പറഞ്ഞു പണം വാങ്ങിയ സംഭവത്തിലും പാങ്ങോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്‌നാട്ടില്‍ പൂജ നടത്തിയതിന്റെ പേരിലുള്ള തര്‍ക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണന്‍ തമിഴ്‌നാട്ടില്‍ പോകാറുണ്ടായിരുന്നതായും നിധി കണ്ടെത്താന്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. മന്ത്രവാദത്തിനും പൂജകള്‍ക്കുമായി കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടില്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വന്നിരുന്നതായും വിവരം ലഭിച്ചു.

കൃഷ്ണന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇവരിലേക്കു പൊലീസിന്റെ സംശയം നീണ്ടത്. കൃഷ്ണന്റെ സഹോദരങ്ങളിലൊരാളുടെ മൊഴിയും സഹായകമായി. കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ ബുധനാഴ്ച രാവിലെയാണു കൊല്ലപ്പെട്ട നിലയില്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്.

കോടികളുടെ കണക്ക് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്

വണ്ണപ്പുറം കൊലക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ്, പണമിടപാടിനെക്കുറിച്ച് സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം:

പ്രാദേശിക നേതാവ്: ഒരു അന്‍പതു രൂപ എമര്‍ജന്‍സിയായിട്ട് ഒരു രണ്ടു ദിവസത്തേക്കു മറിക്കാന്‍ കാണുമോ? ഈ ആഴ്ച തന്നെ നമുക്കു കൊടുക്കാം

സുഹൃത്ത്: എന്റെ കാര്യം തന്നെ അറിയാല്ലാ

നേതാവ്: ഓക്കെ, നിന്റെ കാര്യം അറിയാം. എന്തെങ്കിലും വകുപ്പുണ്ടോ? ആരുടെ കയ്യില്‍ നിന്നെങ്കിലും…

സുഹൃത്ത്: അങ്ങനെ പോലും തന്നു സഹായിക്കാന്‍ നമുക്ക് ആരുമില്ലാത്തതു കൊണ്ടാണ് ഞാന്‍…

നേതാവ്: നമ്മുടെ ഒരു വര്‍ക്കില്ലേ ട്രിവാന്‍ഡ്രത്ത്. അതിന്റെ ഒരു ആവശ്യത്തിനാണ്. കടങ്ങളൊക്കെ തീരുമെടേയ്. ഒരുപാടു കോടികള് നമ്മുടെ കയ്യില്‍ വരും. സാമാധാനപ്പെട്. ആരെയെങ്കിലും ഇപ്പോ മറിച്ചോ തിരിച്ചോ രണ്ടു ദിവസത്തേക്കു പിടിച്ചുനിര്‍ത്താന്‍ പറ്റുമോ? നമ്മടെ ആ ബിസിനസ് ചീഫിന്. അയാള്‍ ട്രിവാന്‍ഡ്രത്ത് ഹോട്ടലില്‍ സ്യൂട്ട് റൂമെടുത്ത് കിടക്കുകയാണ്. അയാള്‍ 10 കോടി രൂപ മുടക്കി ഒരു ബിസിനസ് അഡ്വാന്‍സ് ചെയ്ത്… ആ സാധനം… വീടും പുരയിടോം കൂടി വിലയ്ക്കു വാങ്ങിച്ച് അവിടെ സെക്യൂരിറ്റിയെ ഇട്ടു കിടക്കുകയാണ്. അയാള്‍ ഇപ്പുറത്താണ്. അവിടെ അയാളുടെ സ്റ്റാഫുകളുണ്ട്. രണ്ടു പേരുടെ സൈസുള്ള 15 സെക്യൂരിറ്റിയെ ഇട്ടാണ് കെടക്കണത്. അതിനു ദൈനംദിനം ചെലവും കാര്യങ്ങളും ഉണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസാണ്. ആര്‍ബിഐ ടാക്‌സ് ക്ലിയറന്‍സ് ചെയ്തു വരുന്ന പൈസയാണ്. 16,000 കോടി രൂപയ്ക്കുള്ള ബിസിനസാണ്. നമ്മുടെ കക്ഷിയും ലോകം അറിയപ്പെടുന്ന ആളായി മാറും. അയാള്‍ ഫ്‌ലൈറ്റോടിക്കുന്ന ആളാണ്. ലീവെഴുതി വച്ചിട്ട് ഈ ബിസിനസിനു നില്‍ക്ക്യേണ്. ദൈനംദിന ചെലവിനാണ് പൈസ…..

Top