പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തു. വാവയുടെ ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് ഡിസ്ചാർജ് ചെയ്തത്.
കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍.വാസവന്‍ അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇവര്‍ തന്റെ കാണപ്പെട്ട ദൈവമാണെന്നും വാവ സുരേഷ് പറഞ്ഞു.
നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവന്‍രക്ഷാ മരുന്നുകള്‍ നിര്‍ത്തിയിരുന്നു. ചില ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഒരാഴ്ച മുമ്പാണ് പാമ്പുകടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സുരക്ഷിതമല്ലാത്ത രീതിയിലാണ് തന്റെ പാമ്പുപിടുത്തമെന്ന് തന്നെ ഉപദേശിക്കുന്നവര്‍ മുമ്പും പലതരത്തില്‍ പ്രചാരണം നടത്തിയവരാണെന്നും വാവാ സുരേഷ് പ്രതികരിച്ചു.പാമ്പു പിടിത്തം മരണം വരെ നടത്തും. രീതിയില്‍ മാറ്റം വരുത്തണോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.