തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ സംരക്ഷണത്തിനായി സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ ചെങ്ങന്നൂരില്‍ മത്സരത്തിന് തയ്യാറെടുക്കുന്നു. ബൈപ്പാസിനെതിരെ സമരം ചെയ്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പ്രവര്‍ത്തകര്‍ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എരണ്ടകളും കഴുകന്‍മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറി പറക്കാതിരിക്കട്ടെ എന്നാണ് സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കീഴാറ്റൂരിലെ സമരത്തിന് സംസ്ഥാന തലത്തില്‍ ശ്രദ്ധ കിട്ടിയ സാഹചര്യത്തില്‍ വയല്‍കിളികളുടെ പുതിയ നീക്കം സി.പി.എം നേതൃത്വത്തിന് തലവേദനയാകും. വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍കിളികളെ പിന്തുണച്ച് കേരളം കീഴാറ്റൂരിലേക്കെന്ന സമര പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയായിരുന്നു സമരം.
എന്നാല്‍ നിലവില്‍ സര്‍ക്കാരിനെതിരെയുള്ള സമരം ശക്തമാക്കേണ്ടെന്നാണ് വയല്‍കിളികളുടെ തീരുമാനം. ഹൈവേയ്‌ക്കെതിരെ എതിര്‍പ്പ് രൂക്ഷമായി തുടരുന്നതിനിടെ എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.