കീഴാറ്റൂരിലേത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ വിളംബരം’വയല്‍കിളി സമരത്തിന് പിന്നില്‍ ആര്‍എസ്എസും മാവോയിസ്റ്റുകളുമെന്ന് കോടിയേരി..

കൊച്ചി:കീഴാറ്റൂരിലേത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ വിളംബരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമരത്തിന് മാധ്യമങ്ങള്‍ പൊതുവില്‍ വലിയ പ്രചാരമാണ് നല്‍കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ഗൂഢമായ ചില ആലോചനകളുടെ ഭാഗമായാണ് കീഴാറ്റൂരില്‍ സമരം ആരംഭിച്ചിരിക്കുന്നതെന്ന് അദേഹം ഫെയ്‌സബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ആര്‍എസ്എസും മാവോയിസ്റ്റുകളും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിലെ മുരത്ത കമ്യൂണിസ്റ്റുവിരുദ്ധരുമെല്ലാം ചേര്‍ന്നാണ് ഇതിന് രൂപംകൊടുത്തിരിക്കുന്നത്. കീഴാറ്റൂരിലെ ഇക്കൂട്ടരുടെ സമരാഭാസം സംസ്ഥാനരാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും ദൂരവ്യാപകവും അനാരോഗ്യകരവുമായ ചില പ്രവണതകള്‍ ഉയര്‍ത്തുന്നതാണെന്ന് അദേഹം അരോപിച്ചു.

പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. അത് മറച്ചുവച്ച് പ്രകൃതിയെ നശിപ്പിക്കാന്‍ നില്‍ക്കുന്നവരാണ് സംസ്ഥാനഭരണക്കാരെന്ന പ്രതിച്ഛായ വ്യാജമായി സൃഷ്ടിക്കാനാണ് വിരുദ്ധശക്തികളുടെ ശ്രമം. എന്നാല്‍, ഇത്രമാത്രം പ്രകൃതിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം നടത്തിയ മറ്റൊരു സംസ്ഥാന സര്‍ക്കാരിനെ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാനാകില്ലന്നും കോടിയേരി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കീഴാറ്റൂര്‍ ഇന്നൊരു സ്ഥലനാമം മാത്രമല്ല. വികസനം, പരിസ്ഥിതി തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ചര്‍ച്ചയുടെ കേന്ദ്രവിഷയമെന്ന നിലയിലാണ് ചിലരെല്ലാം ഈ സ്ഥലനാമത്തെ അവതരിപ്പിക്കുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ഗൂഢമായ ചില ആലോചനകളുടെ ഭാഗമായി കീഴാറ്റൂരില്‍നിന്ന് ആരംഭിച്ചിരിക്കുന്ന വിഭാഗീയ സമരത്തിന് മാധ്യമങ്ങള്‍ പൊതുവില്‍ വലിയ പ്രചാരമാണ് നല്‍കിയത്. ഈ വിഭാഗീയസമരം എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു മഹാസഖ്യത്തിന്റെ വിളംബരമാണ്.

ആര്‍എസ്എസും മാവോയിസ്റ്റുകളും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിലെ മുത്ത കമ്യൂണിസ്റ്റുവിരുദ്ധരുമെല്ലാം ചേര്‍ന്നാണ് ഇതിന് രൂപംകൊടുത്തിരിക്കുന്നത്. കീഴാറ്റൂരിലെ ഇക്കൂട്ടരുടെ സമരാഭാസം സംസ്ഥാനരാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും ദൂരവ്യാപകവും അനാരോഗ്യകരവുമായ ചില പ്രവണതകള്‍ ഉയര്‍ത്തുന്നതാണ്.

ജാതിമത വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്ക് വഴിതുറക്കാനും രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാനും വികസനത്തെ മുരടിപ്പിക്കാനുമാണ് ഇത് ഉപകരിക്കുക. കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷരാഷ്ട്രീയത്തില്‍നിന്ന് പുറത്താക്കി വലതുപക്ഷ വര്‍ഗീയ രാഷ്ട്രീയ അജന്‍ഡയില്‍ എത്തിക്കാനുള്ള ഗൂഢപദ്ധതിയാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്.

വികസനപദ്ധതികളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതോ അഭിപ്രായം പ്രകടിപ്പിക്കുന്നതോ അപരാധമല്ല. പരിസ്ഥിതിക്കും പരിസരവാസികള്‍ക്കും ഉപദ്രവമാണോ, അത് പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടോ എന്നെല്ലാം ഒരു പദ്ധതിയുടെ വിലയിരുത്തലില്‍ പ്രസക്തമാണ്. മനുഷ്യരും പരിസ്ഥിതിയും ഒരുപോലെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ‘വികസനം’. അതിനാല്‍ വികസനം സാധ്യമാകുന്നത് ഏതുവിധത്തിലെന്നത് പരിഗണിക്കേണ്ടതാണ്.

പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. അത് മറച്ചുവച്ച് പ്രകൃതിയെ നശിപ്പിക്കാന്‍ നില്‍ക്കുന്നവരാണ് സംസ്ഥാനഭരണക്കാരെന്ന പ്രതിച്ഛായ വ്യാജമായി സൃഷ്ടിക്കാനാണ് വിരുദ്ധശക്തികളുടെ ശ്രമം. എന്നാല്‍, ഇത്രമാത്രം പ്രകൃതിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം നടത്തിയ മറ്റൊരു സംസ്ഥാന സര്‍ക്കാരിനെ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാനാകില്ല.

മനുഷ്യന്‍ അറിഞ്ഞും അറിയാതെയും പ്രകൃതിയുടെ ആവാസവ്യവസ്ഥയില്‍ പല പോറലുകളും ഏല്‍പ്പിക്കുന്നുണ്ട്. അവയില്‍ പലതും വലിയ മുറിവുകളായി ശേഷിക്കുന്നു. ഇതിനുമധ്യേ ജീവവ്യവസ്ഥ അതിന്റെ പൂര്‍വകാല സ്വാഭാവികസ്ഥിതി കഴിയുന്നത്ര വീണ്ടെടുക്കാനുള്ള പരിശ്രമം 20 മാസത്തെ എല്‍ഡിഎഫ് ഭരണം നടത്തി. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് പിണറായിസര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഹരിതകേരളം പദ്ധതിയും കേരള മിഷനും’. ഇതിന്റെ ഭാഗമായി നൂറുകണക്കിന് കുളങ്ങളും ഡസണ്‍കണക്കിന് പുഴകളും ഇതിനകം സംരക്ഷിക്കപ്പെട്ടു. ജൈവകൃഷി വ്യാപകമാക്കി. നെല്‍ക്കൃഷിയിടം വര്‍ധിപ്പിച്ചു. ഭൂമി എന്ന ഗ്രഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ താളംതെറ്റിക്കുന്നതാണ് മലിനീകരണം. അത് മനുഷ്യനെമാത്രമല്ല, മറ്റു ജീവജാലങ്ങളെയും ബാധിക്കുന്നതാണ്.

ഇവിടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയില്‍ നടത്തിവരുന്ന മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. വെള്ളം അമൂല്യമാണ്, അത് തെളിനീരായി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. വിവിധ ജീവജാലങ്ങളടങ്ങിയ പ്രകൃതിസഹജമായ പരിസ്ഥിതികളുടെ വൈവിധ്യമാണ് ആവാസവ്യവസ്ഥയുടെ വൈവിധ്യം. അത് സംരക്ഷിക്കാന്‍ നടപടിയെടുക്കുന്ന കമ്യൂണിസ്റ്റുകാരെയും അവര്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും പരിസ്ഥിതിവിരുദ്ധരും പ്രകൃതിസംരക്ഷണത്തില്‍ താല്‍പ്പര്യമില്ലാത്തവരുമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന അപഹാസ്യതയാണ്.

Top