ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത പരക്കുന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളി പ്രതികരിക്കുന്നു. സേവ പിടിച്ചുപറ്റാനായി മുഖ്യമന്ത്രിയെ കാണില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും താനും ദ്വന്ദ്വയുദ്ധം നടത്തുന്നത് കണ്ട് ചോരകുടിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ അത് നടക്കില്ല. തന്നെയും അദ്ദേഹത്തെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പളളി ആരോപിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പിണറായിയെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗെത്തെത്തിയിരുന്നു. കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ പിണറായി വിജയനാണെന്ന് ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായിയെന്നും പിണറായിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എസ്.എന്‍.ഡി.പിയുടെ സ്‌കൂളുകളും കോളെജുകളും വിട്ടുകൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
പിന്നാലെ കൊല്ലത്ത് മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും തമ്മില്‍ 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം ശക്തിപ്പെടുമ്പോള്‍ സര്‍ക്കാരിനെ അനുനയിപ്പിക്കാനുളള തുടര്‍ച്ചയായ ശ്രമങ്ങളിലാണ് വെള്ളാപ്പള്ളി. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കാനും എസ്എന്‍ഡിപി യോഗം തീരുമാനിച്ചിട്ടുണ്ട്.