കൊല്ലം : തുടർച്ചയായ രണ്ടാം തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയായതു പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാർഥമായ പിന്തുണ കൊണ്ടുകൂടിയാണെന്ന് ഇടതുപക്ഷം മറക്കരുതെന്ന മുന്നറിയിപ്പുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളിൽ വലിയൊരു വിഭാഗം ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരാണ്. പക്ഷേ ജനാധിപത്യ ഭരണം നിലവിൽ വന്ന് അഞ്ചര പതിറ്റാണ്ടു കഴിഞ്ഞാണ് വി.എസ്.അച്യുതാനന്ദനിലൂടെ ഈഴവ വിഭാഗത്തിൽനിന്ന് ഒരാളെ ഇടതുപക്ഷം മുഖ്യമന്ത്രിയാക്കിയതെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു.
പിന്നാക്കക്കാരുടെ പ്രാതിനിധ്യം ഭരണതലത്തിൽ ഉണ്ടാകണം. അതിനു രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ കൂടുതൽ പിന്നാക്കവിഭാഗക്കാർ കടന്നുവരണം. അങ്ങനെ വരുമ്പോൾ രാഷ്ട്രീയ നേതാക്കൾ തീരുമാനിക്കുകയോ പങ്കുവച്ചെടുക്കുകയോ ചെയ്യുന്ന ഭരണസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കും. അതോടെ ഭരണതലത്തിൽ പിന്നാക്കക്കാർക്ക് അനുകൂലമായ നിലപാടുകളും തീരുമാനങ്ങളും ഉണ്ടാകും. ഇപ്പോൾ ഭരണതലത്തിൽ മുന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നതു ഭരണതലത്തിൽ അവർക്കു നിർണായകമായ സ്വാധീനം ഉള്ളതുകൊണ്ടാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഈഴവർക്ക് അർഹമായ പ്രാതിനിധ്യമില്ല. ഏറ്റവും വലിയ അവഗണന നിലനിൽക്കുന്നതു കോൺഗ്രസിലാണ്. ആർ.ശങ്കർ മുഖ്യസ്ഥാനം ഒഴിഞ്ഞിട്ട് 57 വർഷമാകുന്നു. അതിനു ശേഷം പലതവണ കോൺഗ്രസ് മന്ത്രിസഭകൾ വന്നു. പക്ഷേ ഒരിക്കൽ പോലും ഈഴവ വിഭാഗത്തിൽനിന്നും ഒരാളെ മുഖ്യമന്ത്രിയാക്കിയില്ല. ശങ്കറിനെ അധികാരത്തിൽനിന്നും ഇറക്കിയവർ ആ സ്ഥാനത്തേക്കു മറ്റൊരു പിന്നാക്കക്കാരൻ കടന്നുവരാതിരിക്കാൻ നിരന്തരം പരിശ്രമിക്കുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭ തിരഞ്ഞെടുപ്പിന്റെയും സ്ഥാനാർഥി നിർണയത്തിൽ ഈഴവരോടും മറ്റു പിന്നാക്ക വിഭാഗങ്ങളോടുമുള്ള കോൺഗ്രസിന്റെ സമീപനം എന്താണെന്നു നമ്മൾ കണ്ടതാണ്. അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചു. കേരള ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ട ഗതികേടിലേക്ക് അവരെ പിന്നാക്ക വിഭാഗങ്ങൾ സംഘടിതമായി തള്ളിയിട്ടു. എന്നിട്ടും അവർ പാഠം പഠിക്കുന്നില്ലെന്നും തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവന്റെ 130-ാം ജന്മവാർഷികം നാളെ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളാപ്പള്ളി പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു.
കേരളത്തിൽ സുപ്രധാനമായ അധികാര സ്ഥാനം ലഭിച്ച ആദ്യത്തെ പിന്നാക്കവിഭാഗക്കാരൻ സി.കേശവൻ ആയിരിക്കാം. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കെ ജാതിവ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്ന ഒട്ടനേകം അനാചാരങ്ങൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. വഹിച്ച സ്ഥാനങ്ങൾക്കും നയിച്ച മറ്റു സമരങ്ങൾക്കുമപ്പുറം നിർണായക പ്രസക്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നിവർത്തന പ്രക്ഷോഭത്തിന് ഇന്നുണ്ട്. അധികാര സ്ഥാനങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സമരം. സമരത്തിലൂടെ ക്രിസ്ത്യൻ, മുസ്‌ലിം, വിഭാഗങ്ങൾക്കു ഭേദപ്പെട്ട പങ്കാളിത്തം ലഭിച്ചു.
പക്ഷേ അന്നു തിരുവിതാംകൂറിലെ ജനസംഖ്യയിൽ ഏറ്റവും മുന്നിലായിരുന്ന ഈഴവ വിഭാഗത്തിനു കാര്യമായ നേട്ടം ഉണ്ടായില്ല. സമാനമായ അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ സവർണ, ന്യൂനപക്ഷ ലോബി ഈഴവർക്കു മുന്നിൽ അധികാരത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്. അതുകൊണ്ടു തന്നെ അധികാരത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം യാഥാർഥ്യമാകുന്നില്ല.
അധികാരം നിലനിർത്താനും പിടിച്ചെടുക്കാനും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളെയും സവർണരെയും തങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു. പാർട്ടി കമ്മിറ്റികളിലും നേതൃത്വത്തിലും ഇക്കൂട്ടർക്കു കൂടുതൽ പ്രാതിനിധ്യം നൽകുന്നു. തഴയപ്പെടുന്നത് ഈഴവർ അടക്കമുള്ള പിന്നാക്കവിഭാഗക്കാരാണ്. ഇതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ശബ്ദമുയരണം. അല്ലെങ്കിൽ കേരളത്തിൽ സംഭവിക്കുക ദുരന്തസമാനമായ തിരിച്ചുപോക്കായിരിക്കും.
രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവരാൻ സാമ്പത്തിക പശ്ചാത്തലം നിർണായക ഘടകമാണ്. എല്ലാ പാർട്ടികളുടെയും അടിത്തട്ടിൽ വിയർപ്പൊഴുക്കി പ്രവർത്തിക്കുന്നവരിൽ വലിയൊരു വിഭാഗം ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. പക്ഷേ ഇവർ നേതൃസ്ഥാനങ്ങളിലേക്ക് ഉയരുന്നില്ല. ഒന്നുകിൽ മേൽത്തട്ടിലുള്ളവർ ബോധപൂർവം തഴയുന്നു, അല്ലെങ്കിൽ നേതൃസ്ഥാനങ്ങൾ പിടിച്ചെടുക്കാനുള്ള സാമ്പത്തിക പശ്ചാത്തലമില്ല. ഈ ദയനീയാവസ്ഥയ്ക്കു പരിഹാരം കാണാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകണം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈഴവ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്ത സാഹചര്യത്തിൽ പിടിച്ചെടുക്കൽ തന്നെയാണു മുന്നിലുള്ള പോംവഴിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം കേരളത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി തീരുമാനം ഉണ്ടാകും വരെ സാമ്പത്തിക സംവരണം റദ്ദാക്കണമെന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്.
“സംവരണം 50 ശതമാന പരിധി കടക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. ഈ പരിധിക്ക് ആധാരമായ ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചവരിൽ കേരള സർക്കാരുമുണ്ടെന്നതാണ് കൗതുകകരമായ വസ്തുത.”
“കേന്ദ്ര സർവീസിൽ 22.5 ശതമാനം പട്ടികജാതി, പട്ടികവർഗ സംവരണം പണ്ടേയുണ്ടെങ്കിലും പിന്നാക്ക സംവരണം 1993ലാണ് നടപ്പാക്കിയത്. അത് 27ശതമാനം ആയി നിജപ്പെടുത്താൻ കാരണം സംവരണം 50 മറികടക്കരുതെന്ന ബിപി മണ്ഡൽ കമ്മിഷന്റെ നിയമബോധമാണ്. അക്കാര്യം റിപ്പോർട്ടിൽ അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. പ്രാബല്യത്തിൽ വന്ന് 28 വർഷം കഴിഞ്ഞിട്ടും കേന്ദ്രസർവീസിൽ പിന്നാക്ക പ്രാതിനിധ്യം 11ശതമാനം മാത്രമാണെന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് സർക്കാരുകൾ കൺതുറന്നു കാണണം. എന്നിട്ട് വേണം സാമ്പത്തിക/സവർണ സംവരണത്തെക്കുറിച്ച് സംസാരിക്കാൻ തന്നെ.”
90 ശതമാനം സവർണർ ജോലി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പത്ത് ശതമാനം സവർണ സംവരണം ഏർപ്പെടുത്തിയ അപരാധത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ? സവർണ വോട്ടിൽ കണ്ണ് നട്ട് ചെയ്ത ഈ തറവേലയ്ക്ക് എന്ത് രാഷ്ട്രീയ ലാഭം ഉണ്ടായി എന്നും നാം കണ്ടതാണല്ലോ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമായവർക്ക് സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ 50 ശതമാന പരിധി മറികടന്നു കഴിഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇത് മറികടക്കാനാവൂ. ഇവിടെ അത്തരം ഒരു സാഹചര്യവും ഇല്ല. കൂടാതെ കേരളത്തിലെ സവർണ വിഭാഗം സാമൂഹ്യമായി പിന്നാക്കമാണെന്ന് ഒരു പഠനവും നടന്നിട്ടില്ല. സർക്കാർ സർവീസിൽ അവർക്ക് അർഹമായ പങ്കാളിത്തം ഇല്ലെന്ന റിപ്പോർട്ടുമില്ല. ഭരണഘടനാ ഭേദഗതി നിലവിൽ വരുംമുമ്പാണ് ഇവിടെ 10ശതമാനം സവർണ സംവരണം നടപ്പാക്കിയതും.”
“സുപ്രീം കോടതിയുടെ പുതിയ വിധിയെയും മറികടക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇപ്പോൾ അണിയറയിൽ രൂപം കൊള്ളുന്നുണ്ടാകും.സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. സർക്കാർ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങൾ പോലും അതിന് വേണ്ടിവരില്ല. ശേഷം അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടത്,” വെള്ളാപ്പള്ളി കേരളാ കൗമുദിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.