
ന്യൂഡൽഹി :നാവികസേനയെ നയിക്കുന്നത് ഇനി മലയാളിക്കു . വൈസ് അഡ്മിറൽ ആർ.ഹരികുമാർ അടുത്ത നാവികസേനാ മേധാവിയാകും. 39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്.അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് മലയാളിയായ ഹരികുമാറിന്റെ നിയമനം.വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫഌഗ് ഓഫിസർ കമാൻഡിംഗ് ഇൻ ചീഫ് ആണ് നിലവിൽ ഹരികുമാർ. ഈ മാസം 30ന് ആർ. ഹരികുമാർ ചുമതലയേൽക്കും.നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങിയ ആർ. ഹരികുമാർ 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്. മുംബൈ സർവകലാശാലയിലും യു.എസ്. നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. ഐ.എൻ.എസ്. വിരാട് ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരം വിശിഷ്ടസേവാ മെഡലും ലഭിച്ചിട്ടുണ്ട്.