20 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ച യുവാവിന്റെ അരയ്ക്കു താഴേക്കു തളര്‍ന്നുപോയി

തുടര്‍ച്ചയായി 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടു. ജനുവരി 27നു വൈകിട്ടാണു ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ജിയാക്‌സിങ്ങിലുള്ള ഇന്റര്‍നെറ്റ് കഫേയില്‍ യുവാവ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. പിറ്റേന്നു വൈകിട്ടോടെയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. തുടര്‍ച്ചയായി കസേരയില്‍ ഒറ്റയിരിപ്പ് ഇരുന്നയാള്‍, ഇടയ്ക്കു ശുചിമുറിയില്‍ പോകാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടതു തിരിച്ചറിഞ്ഞത്. സുഹൃത്തുക്കള്‍ ഇടപെട്ട് ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങളിലുണ്ട്. എന്നാല്‍, യുവാവിന്റെ പേരും കളിച്ചിരുന്നത് ഏതു ഗെയിമാണെന്ന വിവരവും പുറത്തുവിട്ടിട്ടില്ല. യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ചും കൂടുതല്‍ വിവരങ്ങളില്ല. ഇടയ്ക്കു നിര്‍ത്തേണ്ടി വന്ന ഗെയിം പൂര്‍ത്തിയാക്കാന്‍, ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇയാള്‍ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിം കളിച്ച ഇരുപത്തൊന്നുകാരിക്കു കുറച്ചുനാള്‍ മുന്‍പു കാഴ്ച നഷ്ടപ്പെട്ടിരുന്നു. കിങ് ഓഫ് ഗ്ലോറി’ എന്ന വീഡിയോ ഗെയിമിനാണു ചൈനയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. അഞ്ചു കോടിയിലേറെ പേരാണ് ഒരേസമയം ഇതു കളിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

Top