മുംബൈ: വായ്പ തിരിച്ചടയ്ക്കാനുള്ള സമയം അനുവദിക്കാതെ തന്നെ കുറ്റക്കാരനെന്ന് മുദ്രക്കുത്തിയെന്ന് വിജയ് മല്യ പറഞ്ഞെങ്കിലും കോടതിയുടെ ഭാഗത്തുനിന്ന് ഒരു മാറ്റവുമുണ്ടായില്ല. മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് നടപടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി പ്രകാരമാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
രാജ്യത്തെ എസ്ബിഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ് മല്യയ്ക്കെതിരെ നിയമ നടപടി ആരംഭിച്ചത്. 9,000 കോടി രൂപയുടെ വായ്പയാണ് വിവിധ ബാങ്കുകളില്‍ നിന്നായി മല്യ തിരിച്ചടയ്ക്കാനുള്ളത്. കഴിഞ്ഞ ദിവസം മല്യയുടെ 1,411 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍ര് ഡയറക്ടറേറ്റ് ജപ്തി ചെയ്തിരുന്നു.