മല്യയുടെ ബന്ധങ്ങള്‍ വെളിച്ചത്താകുന്നു; പുള്ളിക്കാരന്‍ ഫ്രോഡാ.. മല്യ പറഞ്ഞതു കാര്യമാക്കേണ്ടെന്നു ബിജെപി

ന്യൂഡൽഹി:വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട വിജയ് മല്യ ക്രിമിനലാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ മുഖവിലയ്ക്കു എടുക്കേണ്ടതില്ലെന്നും ബിജെപി. മല്യയുമായുള്ള കുടുംബ ബന്ധത്തിന്‍റെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിവയ്ക്കാൻ തയാറാകുമോയെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ചോദിച്ചു.

എല്ലാ നിയമങ്ങളും ലംഘിച്ച്, തട്ടിപ്പ് വ്യവസായിക്ക് വായ്പ നൽകാൻ ബാങ്കുകൾക്കു മേൽ യുപിഎ സർക്കാരിന്‍റെ കാലത്ത് സമ്മർദം ഉണ്ടായിരുന്നു. കിംഗ്ഫിഷർ എയർലൈൻസിനു നൽകിയ വായ്പകൾ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടായിരുന്നെന്നും ഗോയൽ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാന്ധി കുടുംബവും വിജയ് മല്യയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് രാഹുൽ ഗാന്ധി ഉത്തരം പറയണം. മല്യ പിടിക്കപ്പെട്ടാൽ രാഹുൽ ഗാന്ധി എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവയ്ക്കേണ്ടിവരും.മല്യയുടെ അവകാശവാദങ്ങൾക്ക് ഒരുവിശ്വാസ്യതയും ഇല്ല. അദ്ദേഹത്തിന്‍റെ വാക്കുകളെ കാര്യമായെടുക്കേണ്ടതില്ലെന്നും ഗോയൽ പറഞ്ഞു.

വിജയ് മല്യ രാജ്യം വിടുന്നതിന് നാലു ദിവസം മുന്പ് സുപ്രീംകോടതിയെ സമീപിക്കാനുള്ള ബാങ്കുകളുടെ നീക്കത്തിന് തടയിട്ടെന്ന ആരോപണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. 2016 ഫെബ്രുവരി 28ന് എസ്ബിഐയുടെ നേതൃത്വത്തിൽ 17 ബാങ്കുകളുടെ കണ്‍സോർഷ്യം വിജയ് മല്യക്കെതിരേ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് ഉദ്യോഗസ്ഥരാരും ഇതിന് മുതിർന്നില്ല.

ഇതാണ് സംശയമുണ്ടാക്കുന്നത്. എസ്ബിഐയുടെ നിലപാട് മാറ്റത്തിനു പിന്നിൽ ശക്തമായ രാഷ്‌ട്രീയ കരങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങിയതോടെ, ബിജെപി- കോണ്‍ഗ്രസ് വാക്പോരും മുറുകി. മുതിർന്ന മന്ത്രിമാരെ നിരത്തി ബിജെപി പ്രതിരോധം ചമയ്ക്കാൻ ശ്രമിച്ചു. പ്രതിപക്ഷ നേതാക്കൾ കളം നിറഞ്ഞതോടെ കേന്ദ്രസർക്കാർ ഒറ്റപ്പെട്ടു. റഫാൽ പോർവിമാന ഇടപാടിലെ അഴിമതിആരോപണം കത്തിനിൽക്കെ മല്യയെ രാജ്യം വിടാൻ കേന്ദ്രസർക്കാരിലെ ഉന്നതർ തന്നെ സഹായിച്ചുവെന്ന ആരോപണം വന്നതോടെ പ്രതിപക്ഷത്ത് വർധിത വീര്യവുമായി.

മല്യക്ക് ക്രമംവിട്ടു വായ്പ നൽകിയത് യുപിഎ സർക്കാരാണെന്ന വാദമുയർത്തി പ്രതിരോധിക്കാനാണു ബിജെപിയുടെ ബദൽ തന്ത്രം. ഇതിനായി സിബിഐ രംഗത്തിറക്കാണ് സർക്കാർ നീക്കം. യുപിഎയുടെ കാലത്തെ വായ്പകളെക്കുറിച്ച് സിബിഐ അന്വേഷണവും പ്രഖ്യാപിച്ചു.

തിരുത്തലിന് സിബിഐയുടെ ഉത്തരം

മല്യക്കെതിരേ സിബിഐ പുറപ്പെടുവിച്ചിരുന്ന ലുക്ക് ഒൗട്ട് നോട്ടീസിൽ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കണം’ എന്നതു മാറ്റി ‘റിപ്പോർട്ട് ചെയ്യണം’ എന്നാക്കി തിരുത്തിയത് ക്ലറിക്കൽ തെറ്റാണ് സിബിഐ. മല്യക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് ഉണ്ടായിരുന്നില്ലെന്നും “റിപ്പോർട്ട് ചെയ്യണം’എന്ന നിർദേശം മാത്രമാണ് നൽകിയിരുന്നതെന്നുമാണ് സിബിഐയുടെ വിശദീകരണം.

2016 മാർച്ച് രണ്ടിനു ലണ്ടനിലേക്കു രക്ഷപ്പെടാൻ പോകുന്ന വിവരം ധനമന്ത്രിയോട് പറഞ്ഞതായി ജയറ്റ്‌ലിതന്നെ സമ്മതിച്ചുവെന്നു രാഹുൽ പറയുന്നു. ക്രിമിനലായ പ്രതി പറഞ്ഞ വിവരം എന്തുകൊണ്ട് സിബിഐയെ ജയറ്റ്‌ലി അറിയിച്ചില്ല?

എൻഫോഴ്സ്മെന്‍റ് അധികൃതരെയും വിദേശകാര്യ മന്ത്രാലയത്തെയും എന്തുകൊണ്ടാണ് വിവരം അറിയിക്കാതിരുന്നത്? മല്യയുമായുള്ള ഇടപാട് എന്തായിരുന്നു? പ്രതിക്കു രക്ഷപ്പെടാൻ കേന്ദ്രം അവസരം ഒരുക്കുകയായിരുന്നുവോ‍? ക്രിമിനലുമായി മന്ത്രി കൂട്ടുചേർന്നുവെന്നതാണ് ഇതിന്‍റെ അർഥമെന്ന രാഹുലിന്‍റെ കുറ്റപ്പെടുത്തലിന് മൂർച്ഛയേറെയാണ്.

സാന്പത്തിക തട്ടിപ്പുകാർക്കെതിരേ നടപടിയെടുക്കേണ്ടയാളാണ് തട്ടിപ്പുകാരനുമായി ചേർന്നതെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് ആരോപിച്ചു. പാർലമെന്‍റ് സെൻട്രൽ ഹാളിൽനിന്നു തന്‍റെ ഓഫീസ് മുറിയിലേക്കു പോകുന്ന വഴി അനൗപചാരികമായാണു മല്യ കണ്ടതെന്നാണു ജയറ്റ്‌ലിയുടെ വാദം.

എന്നാൽ 15 മിനിറ്റോളം ഈ കൂടിക്കാഴ്ച നീണ്ടതായി ദൃക്സാക്ഷിയായ പി.എൽ. പുനിയ എംപി പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ധനമന്ത്രിയുടെ നുണ പൊളിയുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു.

യുപിഎ സർക്കാർ വിജയ് മല്യയെ സഹായിക്കാൻ എല്ലാ നിയമങ്ങളും മറികടന്ന് റിസർവ് ബാങ്കിനെവരെ രംഗത്തിറക്കിയെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രത്യാരോപണംഉന്നയിച്ചു. അന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും മല്യയുടെ വിമാനക്കന്പനിയായ കിംഗ് ഫിഷറിനെ സഹായിച്ചു. എന്നിട്ടിപ്പോൾ ബിജെപിയെ കുറ്റം പറയുകയാണെന്നാണ് മന്ത്രി പീയൂഷിന്‍റെ വാദം.

ഉത്തരമില്ലാത്ത നാല് ചോദ്യങ്ങൾ

ഒന്ന്: മല്യ രാജ്യം വിടാതെ തടഞ്ഞുവയ്ക്കണമെന്ന സിബിഐയുടെ ലുക്ക് ഒൗട്ട് നോട്ടീസിലെ “ഡീറ്റെയിൻ’ എന്നതു മാറ്റി നിസാരമായ “ഇൻഫോം’ (വിവരം അറിയിക്കുക) എന്ന നോട്ടീസ് ആക്കി തിരുത്താൻ സിബിഐക്ക് ആരാണ് പെട്ടെന്ന് നിർദേശം നൽകിയത്.

രണ്ട്: 2016 ഫെബ്രുവരി 28ന് എസ്ബിഐയുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കണ്‍സോർഷ്യം വിജയ് മല്യക്കെതിരേ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിക്കാൻ തീരുമാനിച്ചതാണ്. മല്യ രാജ്യം വിടാതിരിക്കാൻ 24 മണിക്കൂറിനകം സുപ്രീംകോടതിയെ സമീപിക്കാനും ബാങ്കുകൾക്ക് നിർദേശം നൽകിയതാണ്. സുപ്രീംകോടതിയെ സമീപിക്കുന്നതു വൈകിപ്പിക്കാൻ ആരാണ് ബാങ്കുകളെ സ്വാധീനിച്ചത്? 2016 മാർച്ച് രണ്ടിന് മല്യ രാജ്യം വിട്ട ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് ബാങ്കുകൾ സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്ന്: എന്തിനാണ് മല്യയുമായി ധനമന്ത്രി ജയറ്റ്‌ലി പാർലമെന്‍റിൽ വച്ച് ചർച്ച ചെയ്തത്. സാന്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയ ധനമന്ത്രിയുടെ നടപടി നിയമപരമോ ധാർമികമോ ആയി ശരിയാണോ?

നാല്: ഇന്ത്യയിലെ ബാങ്കുകളിൽനിന്നെടുത്ത 9,000 കോടി തിരിച്ചടയ്ക്കാതെ ബ്രിട്ടനിലെ ഏറ്റവും വലിയ മദ്യക്കന്പനിയായ ഡിയാജിയോയിൽനിന്ന് കോടിക്കണക്കിനു ഡോളർ സ്വീകരിക്കാൻ മോദി സർക്കാർ മല്യയെ അനുവദിച്ചത് എന്തിനാണ്? മല്യയുടെ ദക്ഷിണാഫ്രിക്കയിലെ ബ്രിവറീസിനായി 2016 ഫെബ്രുവരി 25ലെ കരാർ അനുസരിച്ച് നാലു കോടി ഡോളറും 5.8 കോടി ഡോളറും ഡിയാജിയോ നൽകിയത് ശരിയല്ലേ? മല്യയുടെ യുബി ഗ്രൂപ്പ് കന്പനിക്കുവേണ്ടി 14.1 കോടി ഡോളറും വിദേശ യുബി ഗ്രൂപ്പ് കന്പനിയായ യൂനൈറ്റഡ് ബ്രിവറീസ് ഓവർസീസ് ലിമിറ്റഡിനു വേണ്ടി 4.2 കോടി ഡോളറും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് ഡിയാജിയോ കന്പനി നൽകിയതും പരിശോധിക്കണം.

Top