കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ മല്യയ്ക്ക് വിഐപി ജയിലറ; ടിവി, കിടക്ക, സ്വകാര്യ ലൈബ്രറി എന്നിവ മുറിയില്‍

ന്യൂഡല്‍ഹി: സാമ്പ്തതിക കുറ്റകൃത്യങ്ങളില്‍ കുടുങ്ങി നാടുവിട്ട മദ്യ വ്യവസായി വിജയ് മല്യയെ പാര്‍പ്പിക്കാന്‍ വിഐപി ജയിലറ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് മല്യയെ അടക്കാന്‍ ഉദേശിക്കുന്ന ആര്‍തര്‍ റോഡ് ജയിലില്‍ ഒരുക്കിയിരിക്കുന്നത് ആരെയും ഞെട്ടിക്കുന്ന സൗകര്യങ്ങള്‍.

ടെലിവിഷന്‍, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങള്‍ കഴുകാനുള്ള സ്ഥലം, മുറ്റം ഇങ്ങിനെ തുടങ്ങുന്നു ബാരക്ക് നമ്പര്‍ 12ലെ സൗകര്യങ്ങള്‍. ബ്രിട്ടനിലെ മജിസ്‌ട്രേട്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഇവ വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെത്തിച്ചാല്‍ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടര്‍ന്ന് ആര്‍തര്‍ റോഡ് ജയിലിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. കൊടും കുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയോ ആണ് പന്ത്രണ്ടാം നമ്പര്‍ ബാരക്കില്‍ പാര്‍പ്പിക്കുക. രണ്ടുനിലകളിലായി എട്ടു സെല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും.

അടുത്തിടെ ആഭ്യന്തര വകുപ്പ് ജയിലില്‍ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചുണ്ട്. മല്യയ്ക്ക് പ്രത്യേകമായി ലൈബ്രറി സൗകര്യം ഒരുക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ പ്രതിയായ മല്യയെ കഴിഞ്ഞ ഏപ്രിലിലാണ് ലണ്ടനില്‍ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ജാമ്യത്തിലാണ് മല്യ.

Top