വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കില്ല; പാസ്‌പോര്‍ട്ട് റദ്ദാക്കി

vijay-mallya-ap

ദില്ലി: മദ്യരാജാവ് വിജയ് മല്യയ്ക്ക് ഇനി രക്ഷപ്പെടാന്‍ സാധിക്കില്ല. വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ബാങ്കുകള്‍ ഇതിനുമുന്‍പ് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അതിനുമുന്‍പ് മല്യ വിദേശത്തേക്ക് കടന്നിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മല്യയുടെ പാസ്‌പോര്‍ട്ട് അധികൃതര്‍ റദ്ദാക്കിയിരിക്കുന്നത്.

അന്വേഷണത്തിന് സഹകരിക്കാതെ മല്യ രാജ്യം വിട്ടെന്നാരോപിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാസ്‌പോര്‍ട്ട് ഓഫിസിനെ സമീപിച്ചത്. പാസ്പോര്‍ട്ട് നിയമം സെക്ഷന്‍ 10എ പ്രകാരമാണ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.

പാസ്പോര്‍ട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മല്യയോട് വിശദീകരണം വിദേശകാര്യ മന്ത്രാലയം ആരാഞ്ഞിരുന്നു. എന്നാല്‍ മല്യയുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായില്ല. തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും മല്യ അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരായിരുന്നില്ല.

മൂന്ന് തവണയാണ് മല്യക്ക് ഇ.ഡി സമന്‍സ് അയച്ചത്. ഏപ്രില്‍ ഒമ്പതിന് ഹാജരാവാനായിരുന്നു അവസാനത്തെ നോട്ടീസ്. വായ്പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് 9000 കോടി രൂപയാണ് വിജയ് മല്യ രാജ്യത്തെ വിവിധ ബാങ്കുകളിലായി തിരിച്ചടയ്ക്കാനുള്ളത്.

Top