ആലപ്പുഴ: ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.വിജയലക്ഷ്മിയുടെ (49) കൊലപാതകത്തിലും നിറയുന്നത് വഴിവിട്ട സൗഹൃദമെന്ന് സൂചന . ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കോണ്‍ക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു.
കുഴിച്ചുമൂടിയത് മനു എന്ന ആളുടെ പറമ്പിലാണ്. കഴിഞ്ഞ ഞായറാഴ്ച മനു പുതിയ വീട് വയ്ക്കാന്‍ ഇവിടെ തറക്കല്ലിട്ടിരുന്നു. ജയചന്ദ്രന്റെ വീടിന്റെ പിന്നിലാണ് പറമ്പ്. അഞ്ചു സെന്റ് വസ്തുവില്‍ മതിലിനോട് ചേര്‍ന്ന സ്ഥലത്താണ് കുഴിച്ചുമൂടിയത്. മൃതദേഹം വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.
ഏറെ ദുരൂഹതകള്‍ ഇപ്പോഴും ഈ കേസിലുണ്ട്. അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെയാണ് (50) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജയചന്ദ്രന്റെ കുറ്റസമ്മത മൊഴി പോലീസ് മുഖവിലയ്‌ക്കെടുക്കുന്നു. എന്നാല്‍ നിരവധി ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ സംഭവം ഉയര്‍ത്തുന്നുണ്ട്. ജയചന്ദ്രന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഏറെയാണ്. ജയചന്ദ്രന് അപ്പുറത്തേക്ക് പ്രതികളുണ്ടോ എന്ന സംശയവും സജീവമാണ്.
വിജയലക്ഷ്മി ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവര്‍ക്ക് 2 മക്കളുണ്ട്. വിവാഹ മോചിതയാണെന്നാണ് സൂചനകള്‍. ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇതിനിടെ അമ്പലപ്പുഴ സ്വദേശി ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. 4 ദിവസം മുന്‍പ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടുവെന്നാണ് നിഗമനം. ജയചന്ദ്രന്റെ വീട്ടില്‍ ഭാര്യയും മകനുമുണ്ട്. അതുകൊണ്ട് തന്നെ ജയചന്ദ്രന്റെ ഈ വിശദീകരണത്തില്‍ പോലീസിന് സംശയമുണ്ട്. ഏതായാലും ജയചന്ദ്രന്‍ പറഞ്ഞ വഴിയേ പോകുകായണ് പോലീസ്.
വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടര്‍ന്ന് പ്ലയര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടെന്നുമാണ് നിഗമനം. ജയചന്ദ്രന്‍ ബോട്ടിലെ തൊഴിലാളിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്ക് മാറിയത്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. ശനിയാഴ്ച തന്നെ ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് കുടുംബം പറയുന്നു.
ജയചന്ദ്രന്റെ വീടിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വസ്ത്രം കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ജയചന്ദ്രന് നാട്ടുകാരുമായി വലിയ സൗഹൃദമില്ല. വിജയലക്ഷ്മിയെ കുറച്ചു ദിവസമായി ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്.
അതേസമയം വിജയലക്ഷ്മിയെ താന്‍ കൊലപ്പെടുത്തിയെന്നാണു ജയചന്ദ്രന്‍ പൊലീസിനോട് വെളിപ്പെടുത്തിയതായിരിക്കുന്നത്. ‘ദൃശ്യം’ സിനിമ പല തവണ താന്‍ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. ജയചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇയാളെയും കൂട്ടി കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയില്‍ പരിശോധന നടത്തുകയാണ്. ജയചന്ദ്രന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്.
യുവതിയുടെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈല്‍ ഫോണ്‍ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൈമാറിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടില്‍ പോവുകയും ചെയ്തിരുന്നു. അവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും തുടര്‍ന്ന് ജയചന്ദ്രന്‍ ഇവരെ കൊന്ന് കുഴിച്ചുമൂടുകയും ചെയ്താകാമെന്നാണ് പോലീസ് നിഗമനം. കരുനാഗപ്പള്ളി പോലീസ് തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പ്രാഥമികമായ പരിശോധനകള്‍ നടത്തിയിരുന്നു.