ഇന്നലെ കോടതിയില്‍ പറഞ്ഞത് കളവ്:ബാറ്റണ്‍ കൊണ്ട് നിസ്‌സാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് അനൂപ്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി ശോഭാ സിറ്റിയിലെ ജീവനക്കാരന്‍ അനൂപ് വീണ്ടും മൊഴിമാറ്റി. പ്രോസിക്യൂഷനു അനുകൂലമായിട്ടാണ് മൊഴിമാറ്റിയത്.ഇന്നലെ പറഞ്ഞത് ബാഹ്യസമ്മർദ്ദങ്ങൾ മൂലമാണെന്നും മജിസ്ട്രേറ്റിനു നൽകിയ ആദ്യമൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ച അനൂപ് മൊഴി തിരുത്തിപ്പറയേണ്ടി വന്നതു മാപ്പാക്കണമെന്നും കോടതിയിൽ അപേക്ഷിച്ചു. ബാറ്റണ്‍ കൊണ്ട് നിസ്‌സാം അനൂപിനെ മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് അനൂപ് ഇന്ന് മൊഴി നല്‍കി. കുറ്റബോധം കൊണ്ടാണ് സത്യം പറയുന്നതെന്നും അനൂപ് ഇന്ന് കോടതിയില്‍ പറഞ്ഞു.

ഇന്നലെ കോടതിയില്‍ പറഞ്ഞത് കളവാണെന്നും അനൂപ് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിക്കാനുപയോഗിച്ച നിഷാമിന്റെ ആഡംബര കാര്‍ അനൂപ് തിരിച്ചറിഞ്ഞു. വിചാരണയുടെ ആദ്യ ദിവസം തന്നെ ഒന്നാംസാക്ഷി മൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണ് ആദ്യത്തേതെന്നും പൊലീസിന്റെ ഭീഷണി മൂലമാണ് ഇതേ മൊഴി മജിസ്‌ട്രേട്ടിന് മുന്‍പില്‍ ആവര്‍ത്തിച്ചതെന്നും അനൂപ് പറഞ്ഞിരുന്നു.chandrabose
മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയത് പൊലീസ് പറഞ്ഞത് അനുസരിച്ചാണെന്നും പൊലീസ് നല്‍കിയ രേഖയില്‍ താന്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അനൂപ് കോടതിയില്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. നിസാമിന്റെ വണ്ടി ഇടിച്ചാണ് ചന്ദ്രബോസ് മരിച്ചത് എന്നാല്‍ നിസാം മനപൂര്‍വ്വം വാഹനം ഇടിപ്പിക്കുന്നതായി കണ്ടിട്ടില്ലെന്ന് അനൂപ് ഇന്നലെ കോടതിയില്‍ മൊഴി നല്‍കി.നിസാം വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അനൂപിന്റെ രഹസ്യമൊഴി. ഹമ്മര്‍കാര്‍ ശോഭാ സിറ്റിയിലേക്ക് അമിതക വേഗത്തില്‍ വരുന്നതു താന്‍ കണ്ടു. ചെക്ക്‌പോസ്റ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ചന്ദ്രബോസിനെ നിസാം ചീത്തവിളിക്കുകയും തള്ളിയിടുകയും ചെയ്തതായി അനൂപിന്റെ രഹസ്യമൊഴിയില്‍ പറയുന്നു. നിസാം വണ്ടി ഇടിപ്പിച്ച് കൊന്നതായും അനൂപ് പറഞ്ഞിരുന്നു.
വകുപ്പ് 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയ ഒന്നാം സാക്ഷി വടക്കഞ്ചേരി സ്വദേശി അനൂപിന്റെ കൂറുമാറ്റത്തിന് പിന്നില്‍ നിസാമിന്റെ പണ സ്വാധീനമാണെന്നാണ് പ്രോസിക്യൂഷന്റെയും ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ചന്ദ്രബോസ് വധത്തിന് ശേഷം ഒന്നാം സാക്ഷിയായ അനൂപിന്റെ സാമ്പത്തിക സ്രോതസ്‌സില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മറ്റുസാക്ഷികളെ പണസ്വാധീനമുപയോഗിച്ച് കൂറുമാറ്റാനുള്ള സാധ്യതയും പ്രോസിക്യൂഷന്‍ തള്ളിക്കളയുന്നില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ നിസാമിന്റെ പണം ഒഴുകുകയാണെന്ന ആരോപണവുമായി ചന്ദ്രബോസിന്റെ ബന്ധുക്കളും രംഗത്തെത്തി.
ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാഷി കൂറുമാറിയത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സാക്ഷികള്‍ ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കണമെന്ന് റേഞ്ച് ഐജി യോട് ആവശ്യപ്പെടും. സാക്ഷികള്‍ സത്യസന്ധ്യമായി മൊഴി നല്‍കണമെന്നും ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.ചന്ദ്രബോസ് വധക്കേസില്‍ കൂടുതല്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു സംഘം പണവുമായി ഇറങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിപിഉദയഭാനു പറഞ്ഞു.

Top