കൊല്ലത്ത് 14 കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കാലുകള്‍ വെട്ടിമാറ്റി; അമ്മ കസ്റ്റഡിയില്‍  

കൊല്ലം : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീടിന് സമീപത്തെ പറമ്പില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ മുന്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞിട്ടുണ്ട്. കാലുകള്‍ രണ്ടും അറുത്തുമാറ്റിയ നിലയിലാണ്. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജിത്തു ജോബ് ആണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ജയമോളെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് ദിവസം മുന്‍പ് ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ സ്‌കെയില്‍ വാങ്ങാനായി പുറത്തുപോയ ശേഷം കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇവര്‍ പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകീട്ടോടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.  ഫൊറന്‍സിക് വിദഗ്ധരടക്കം വീട്ടില്‍ പരിശോധന നടത്തി.അപ്പോഴൊന്നും സമീപത്തെ വാഴത്തോട്ടത്തില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. പിന്നീട് മൃതദേഹം കൊണ്ടിട്ടതാകാമെന്ന് പൊലീസിന് സംശയം തോന്നി. ഇതേ തുടര്‍ന്ന് രക്ഷിതാക്കളെ മൂന്ന് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ജയമോളും ജിത്തുവും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടയില്‍ മകന്‍ കൊല്ലപ്പെട്ടതാകാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മാതാവിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

Top