
തിരുവനന്തപുരം: മന്ത്രി എംഎം മണി അവഹേളിച്ചുവെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നിലായി നടത്തുന്ന സമരത്തെക്കുറിച്ച് സംസാരിക്കാനായി വിളിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് വിജി പറയുന്നു. തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നാണ് മണി പറഞ്ഞതെന്നാണ് വിജി പറയുന്നത്.
സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിജിക്ക് ജോലിയും നഷ്ടപരിഹാരവും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ലഭ്യമാക്കിയില്ലെന്നാണ് പരാതി. ഇതിനെത്തുടര്‍ന്നാണ് വിജി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിയത്. ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്. സര്‍ക്കാര്‍ സഹായമുണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ വിജിയും സമര സമിതി പ്രവര്‍ത്തകരും നേരിട്ട് ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്.
സനല്‍ കുമാറിന്റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരത്തിനിരിക്കുന്നത്. രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.