വിക്രം ചിത്രത്തില്‍ നിന്നും സായി പല്ലവി ഇറങ്ങിപ്പോയി; കരാര്‍ ഒപ്പിട്ടതു മുതലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തി

പ്രേമം സിനിമയുടെ ഗംഭീരവിജയത്തോടെ തെന്നിന്ത്യമുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. രണ്ടാമത്തെ ചിത്രമായ കലിയില്‍ ദുല്‍ക്കര്‍ സല്‍മാനൊപ്പം മലയാളത്തില്‍ വീണ്ടുമെത്തിയ സായി പിന്നീട് പഠനത്തിന്റെ തിരക്ക് കാരണം സിനിമയില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിലൂടെ തമിഴകത്ത് സായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. പക്ഷേ ഈ ചിത്രത്തില്‍ നിന്നും സായി പല്ലവി ഇറങ്ങിപ്പോയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിനായി അഡ്വാന്‍സ് തുകയും കൈപ്പറ്റിയ ശേഷമാണ് ചിത്രം ഉപേക്ഷിച്ച് നടി പോയതെന്നാണ് സിനിമയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം നടി ചിത്രത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. മാധവന്‍ നായകനാകുന്ന ചാര്‍ലി റീമേയ്ക്ക് പ്രോജക്ടിന് വേണ്ടി നടി കൂടുതല്‍ ഡേറ്റ് കൊടുക്കുകയും അതിനെ തുടര്‍ന്നാണ് വിക്രം ചിത്രത്തില്‍ നിന്നും നടി പിന്മാറിയതെന്നും സംവിധായകനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. സായി പല്ലവി ഈ പ്രോജക്ടില്‍ കരാര്‍ ഒപ്പിട്ടതുമുതലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പതിനഞ്ച് ലക്ഷം അഡ്വാന്‍സും നല്‍കിയതാണെന്നും ഇവര്‍ പറയുന്നു. തമിഴില്‍ ഇതുവരെയും അറിയപ്പെടാത്ത ഒരു നടിയെന്ന നിലയില്‍ സായി പല്ലവി കൂടുതല്‍ പ്രതിഫലമാണ് നിര്‍മാതാക്കളോട് ചോദിക്കുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വിക്രം സിനിമയ്ക്കായി കൃത്യമായ ഡേറ്റ് നല്‍കിയതാണെന്നും പ്രോജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതുകൊണ്ടാണ് പിന്മാറിയതെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല ഈ ചിത്രത്തേക്കാള്‍ വിക്രം താല്‍പര്യം പ്രകടിപ്പിച്ചത് ധ്രുവനച്ചത്തിരം എന്ന സിനിമയോട് ആണെന്നും ഈ സിനിമയുടെ ഷൂട്ടിങ് പകുതി തീര്‍ന്ന ശേഷമേ അദ്ദേഹം വിജയ് ചന്ദര്‍ ചിത്രത്തില്‍ജോയിന്‍ ചെയ്യൂ എന്നും ഇവര്‍ വ്യക്തമാക്കുന്നു. മാത്രമല്ല അഡ്വാന്‍സ് മേടിച്ച തുക തിരികെ നല്‍കിയാണ് സായി പല്ലവി പിന്മാറിയതെന്നും ഇവര്‍ പറഞ്ഞു.

നേരത്തെ ഇതേ ചിത്രത്തിന് അന്‍പത് ലക്ഷം രൂപയാണ് സായിയുടെ പ്രതിഫലമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ പകരം തമന്നെയെയാണ് അണിയറപ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്.

ചാര്‍ലി തമിഴിലെത്തുമ്പോള്‍ പാര്‍വതി ചെയ്ത കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. ദുല്‍ക്കര്‍ അവതരിപ്പിച്ച കഥാപാത്രമായി മാധവന്‍ എത്തുന്നു. സിനിമയുടെ പ്രമേയം ഒന്നുതന്നെ ആയിരിക്കുമെങ്കിലും അവതരണത്തില്‍ മാറ്റമുണ്ടാകുമെന്ന് സംവിധായകന്‍ എഎല്‍ വിജയ് പറയുന്നു.

Top