കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിച്ച സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ സി.ബി.ഐ. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലാണ് കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി.
വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും. വിനയന്‍ സംവിധാനം ചെയ്ത സിനിമയില്‍ മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്. സിനിമയ്ക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണുള്ളത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ മണിയുടെ ഓര്‍മകളില്‍ കണ്ണീരണിഞ്ഞാണ് പുറത്തുവരുന്നത്.
മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. 2016 മാര്‍ച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
എന്നാല്‍ ആരോപിക്കുംവിധം മനഃപൂര്‍വം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. സത്യം പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോര്‍ട്ടുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.