ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ് കവര്‍ന്ന നായികയാണ് വിന്‍സി അലോഷ്യസ്. താരം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിലാണ്. ജിതിന്‍ ഐസക് തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ ‘രേഖ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സി മികച്ച നടിയായത്. പുരസ്‌കാര മധുരത്തിനൊപ്പം ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷവും കൂടി പങ്കുവെയ്ക്കുകയാണ് താരം. മലയാളിയായ ആദിവാസികള്‍ക്കായി ജീവന്‍ ത്യജിച്ച സിസ്റ്റര്‍ റാണി മരിയയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ് ഒരുങ്ങുന്നത്.
‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ എന്നാണ് സിനിമയുടെ പേര്. ‘സോളമന്റെ തേനീച്ചകള്‍’ എന്ന സിനിമയുടെ എഡിറ്റിങ് സമയത്ത് എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമാണ് ഇങ്ങനെയൊരു ചിത്രത്തിന് വഴിയൊരുക്കിയത്. ഹിന്ദി ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ കൂടിയായ അദ്ദേഹവും സംഘവും ഹിന്ദി സംസാരിക്കുന്ന ഒരു മലയാളി നടിക്കായുള്ള അന്വേഷണത്തിലായിരുന്നു. ഹിന്ദി എനിക്കത്ര വശമില്ലായിരുന്നുവെങ്കിലും വേഷം ചേരുമെന്ന് പറഞ്ഞതോടെയാണ് സിനിമയിലെത്തിയത്, മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി പറഞ്ഞു.
മധ്യപ്രദേശിലെ ആദിവാസി മേഖലകളിലാണ് ചിത്രീകരണം നടന്നത്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുളള അഭിനേതാക്കളാണ് സിനിമയുടെ ഭാഗമായിരിക്കുന്നത്. വലിയ അനുഭവമായിരുന്നു എന്നും ഹിന്ദിയില്‍ സ്വയം ഡബ്ബ് ചെയ്തത് ആത്മവിശ്വാസം നല്‍കിയെന്നും വിന്‍സി പറയുന്നു. ഷെയ്ന്‍ ഔസേപ്പാണ് ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസിന്റെ സംവിധായകന്‍. ഓഗസ്റ്റ് 13-ന് മുംബൈയില്‍ പ്രിവ്യു നടക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.