കൊച്ചി :ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ സല്‍ക്കാരത്തിന് വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഗാനം യൂട്യൂബില്‍ വൈറലാകുന്നു. പാട്ടിന് ആമുഖമായി വിനീത് പറയുന്ന വാക്കുകള്‍ കൈയടികളോടെയാണ് സദസ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഒരു വിവാഹം താന്‍ ആദ്യമായാണ് കാണുന്നതെന്നു പറഞ്ഞാണ് വിനീത് തുടങ്ങുന്നത്. തന്റെ വിവാഹത്തിന് പൂജാരി ഉണ്ടായിരുന്നു. ധ്യാനിന്റെ വധു ക്രിസ്ത്യാനിയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വിവാഹം മതിയെന്ന് അച്ഛന്‍ തീരുമാനിച്ചത്.
ഇവിടെ ധ്യാന്‍ ഹിന്ദുവാണ്. വധു ക്രിസ്ത്യാനിയാണ്. അതുകൊണ്ടുതന്നെ പാട്ട് ഒരു മാപ്പിളപ്പാട്ട് ആകുന്നതാണ് നല്ലെന്നും വിനീത് പറയുന്നു. അച്ഛന്‍ ശ്രീനിവാസന്റെ സാന്നിധ്യത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വിനീത് തന്നെ ആലപിച്ച ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ‘എന്റെ ഖല്‍ബിലെ…’ എന്ന ഗാനമാണ് വിനീത് ആലപിക്കുന്നത്.
തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ മകള്‍ അര്‍പ്പിതയാണ് ധ്യാന്‍ ശ്രീനിവാസന്റെ വധു. രാവിലെ കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ടെക്‌നോ പാര്‍ക്കിലെ സോഫ്റ്റുവെയര്‍ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് മാനേജരാണ് അര്‍പ്പിത.
സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി 10ന് എറണാകുളത്ത് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.ചെന്നൈയില്‍ ബിരുദ പഠനകാലത്താണ് ധ്യാനും അര്‍പ്പിതയും പരിചയപ്പെട്ടത്. നാലു വര്‍ഷമായുള്ള സൗഹൃദം ഒടുവില്‍ പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമാ ലോകത്തേക്ക് വന്നത്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധ്യാന്‍, ഒരേ മുഖം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ നായകനായ പുതിയ ചിത്രത്തിലും ധ്യാന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാംഭാഗത്തിലും ധ്യാന്‍ തന്നെയാണ് നായകന്‍