കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട പട്ടാള ഉദ്യേഗസ്ഥന്‍ മേജര്‍ നിധിന്‍ ഗോഗോയ്ക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ അഭിനന്ദനം. ശ്രീനഗറിലെ കലാപത്തിനെതിരായി മികച്ച സേവനം നടത്തിയതിന് നിധിന്‍ ഗോഗോയ്ക്ക് സൈനിക മെഡല്‍ ലഭിച്ചതിന് പിന്നാലെയാണ് സേവാഗ് അഭിനന്ദന ട്വീറ്റുമായെത്തിയത്.
‘സൈനിക മെഡല്‍ ലഭിച്ച മേജര്‍ നിധിന്‍ ഗോഗോയ്ക്ക് അഭിനന്ദനം. പട്ടാളക്കാരെ കലാപത്തില്‍ നിന്ന് രക്ഷപ്പെടുത്തി, അവരെ സംരക്ഷിച്ചത് വിലമതിക്കാനാകാത്ത പ്രവര്‍ത്തനമാണ്.”സേവാഗ് ട്വീറ്റ് ചെയ്തു. മനുഷ്യ കവചം തീര്‍ത്ത സംഭവത്തില്‍ നിധിന്‍ ഗോഗോയ്‌ക്കെതിരെ അന്വേഷണം നടക്കെയാണ് അദ്ദേഹത്തിന് സൈനിക മെഡല്‍ ലഭിച്ചത്.
Congratulations Major Nitin Gogoi for the medal of commendation. Great effort in safely rescuing our soldiers & many other wonderful duties
— Virender Sehwag (@virendersehwag)May 22, 2017
ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. എന്നാല്‍, താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ സൈനികള്‍ പിടികൂടുകയായിരുന്നെന്ന് ഫാറൂഖ് പറയുന്നു. അഞ്ചു മണിക്കൂറോളം തന്നെ ജീപ്പില്‍ കെട്ടിയിട്ടതായും ഇയാള്‍ പറഞ്ഞു.