കൊഹ്‌ലിയുടെ പിഴവ് ചൂണ്ടിക്കാണിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലില്ല; വിമര്‍ശനവുമായി സേവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. കൊഹ്‌ലി കളത്തില്‍ വരുത്തുന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ലെന്ന് സേവാഗ് പറഞ്ഞു. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള കൊഹ്‌ലി അതേ മികവ് മറ്റു താരങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നതാണ് അദ്ദേഹത്തിന് പറ്റുന്ന പാളിച്ചയെന്നും സേവാഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചതിനു പിന്നാലെയാണ് കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കെതിരായ വിമര്‍ശനം സേവാഗ് കടുപ്പിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തതില്‍ കൊഹ്‌ലിക്ക് പിഴവു സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സേവാഗ് മുന്‍പും രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാല്‍ കൊഹ്‌ലി ടീമില്‍നിന്ന് മാറിനില്‍ക്കണമെന്നു പോലും സേവാഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൊഹ്‌ലിയുടെ തെറ്റു ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ളവര്‍ ഇപ്പോഴത്തെ ടീമിലില്ലെന്ന വിമര്‍ശനം. കൊഹ്‌ലിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്ന ചില താരങ്ങള്‍ ടീമിന് ആവശ്യമാണെന്നും ഒരു ടിവി ഷോയില്‍ പങ്കെടുക്കവെ സേവാഗ് അഭിപ്രായപ്പെട്ടു. തീരുമാനങ്ങളെടുക്കുന്നതില്‍ ക്യാപ്റ്റനെ സഹായിക്കാനും തെറ്റു പറ്റുമ്പോള്‍ തിരുത്താനും കഴിവുള്ള മൂന്നോ നാലോ താരങ്ങള്‍ എല്ലാ ടീമിലും കാണും. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അത്തരം താരങ്ങളുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഡ്രസിങ് റൂമില്‍ കൊഹ്‌ലിയുടെ ടീം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാന്‍ ശേഷിയുള്ള താരളുണ്ടോയെന്നും സംശയമാണ്. കഴിവിന്റെ കാര്യത്തില്‍ കൊഹ്‌ലിക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ടീമിലില്ല എന്നതാണ് ഇതിന് കാരണമെന്നും സേവാഗ് പറഞ്ഞു. മറ്റുള്ള താരങ്ങളില്‍നിന്ന് തനിക്കൊത്ത പ്രകടനം പ്രതീക്ഷിക്കുന്നതാണ് കൊഹ്‌ലിയെ തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കുന്നതെന്നും സേവാഗ് അഭിപ്രായപ്പെട്ടു. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവു കൈവരിച്ച താരമാണ് കൊഹ്‌ലി. അതേ മികവ് മറ്റു താരങ്ങളില്‍നിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നതാണ് പ്രശ്‌നം. എന്നാല്‍, കൊഹ്‌ലിയുടെ അത്ര മികവ് കൈവരിക്കാന്‍ സാധിച്ച താരങ്ങള്‍ ടീമിലില്ല താനും. ഇതാണ് കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നതെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.

Top