ന്യൂഡൽഹി: വിദേശ പൗരത്വം എടുത്ത പ്രവാസ ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത !നാട്ടിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി.ഒസിഐ ( ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുള്ളവരിൽ ചില വിഭാഗങ്ങൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഇളവ്.ഇന്ത്യൻ പൗരന്മാരുടെ വിദേശത്ത് പിറന്ന, ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നൽകി. മരണാന്തര ചടങ്ങുകൾ പോലുള്ള അടിയന്തര ആവശ്യങ്ങളുണ്ടെങ്കിലും ഒസിഐ കാർഡുള്ളവരെ തിരികെ വരാൻ അനുവദിക്കും.
ദമ്പതികളിൽ ഒരാൾക്ക് ഒസിഐ കാർഡും മറ്റൊരാൾക്ക് ഇന്ത്യൻ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കിൽ തിരികെ വരാം. യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരാണെങ്കിൽ അവർക്കും രാജ്യത്തേക്ക് മടങ്ങിവരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ജൂൺ 13 വരെ 47 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് കൊണ്ടുവരിക. ഇസ്താംബൂൾ, ഹോച്ചിമിൻ സിറ്റി, ലാഗോസ് തുടങ്ങിയ സ്ഥലങ്ങളെയും ഉൾപ്പെടുത്തുമെന്നും നേരത്തെ വിദേശകാര്യ വക്താവ് അരുരാഗ് ശ്രിവാസ്തവ അറിയിച്ചിരുന്നു. 98 രാജ്യങ്ങളിൽ കഴിയുന്ന 2,59,001 ഇന്ത്യക്കാരാണ് നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്.