ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പൊന്‍കണിയുമായി ഇന്ന് വിഷു. വിഷു-ഈസ്റ്റര്‍ ആഘോഷത്തിരക്കില്‍ പ്രവാസികള്‍

മസ്കറ്റ് : കേരളീയരുടെ ജീവിത ശൈലിയുടെ ഭാഗമായ കാര്‍ഷിക സമൃദ്ധിയുടെ ഒാര്‍മ്മപ്പെടുത്തലുമായി ഇന്ന് വിഷു. വിഷുക്കണിയും കൈനീട്ടവും മറ്റുമായി ഒത്തുചേരുന്ന മലയാളിക്ക് ഇത് ആഘോഷത്തിന്‍റെ ദിനം.

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ഐതിഹ്യവുമുണ്ട് വിഷുവിന്. സമൃദ്ധമായ ഭൂതകാലത്തിന്‍റെ ഒാര്‍മ്മപ്പെടുത്തലായതിനാലാണ് വിഷുപ്പുലരിയില്‍ കാണാനായി മലയാളികള്‍ കണി ഒരുക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും വെളളരിയും കൊന്നയും ഫലവര്‍ഗ്ഗങ്ങളും പണവും സ്വര്‍ണ്ണവും തുടങ്ങി ഭൂമിയിലെ എല്ലാ നല്ല വസ്തുവകകളും ചേര്‍ത്തൊരുക്കുന്ന കണി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്.
മുതിര്‍ന്നവര്‍ കൈനിട്ടം നല്‍കുന്നത് സമ്പത്തിനെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. സൂര്യന്‍ മീനംരാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന തുല്യരാപ്പകലുകളുളള ദിനം കൂടിയാണ് വിഷു. പണ്ട് കാര്‍ഷിക വര്‍ഷപ്പിറവി ദിനം കൂടിയായിരുന്നു വിഷു. പുതിയ കാലത്ത് നമ്മില്‍ നിന്ന് മാഞ്ഞു പൊയ്‍ക്കൊണ്ടിരിക്കുന്ന നന്മകളുടെ ഒാര്‍മ്മപ്പെടുത്തലായി ഒരു വിഷു കൂടി വരവായി.
അതേസമയം പ്രവാസി മലയാളികള്‍ വിഷു-ഈസ്റ്റര്‍ ആഘോഷത്തിനുള്ള തിരക്കിലാണ്. ഇത്തവണ വിഷു വെള്ളിയാഴ്ച ആയതിനാല്‍ ഒട്ടുമിക്ക കുടുംബങ്ങളും വിഭവസമൃദ്ധമായ സദ്യയൊരുക്കി വിഷു വീട്ടില്‍ത്തന്നെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വിവിധ ലേബര്‍ ക്യാമ്പുകളിലും വിഷു സദ്യയ്ക്കുള്ള ഒരുക്കത്തിലാണ്. പ്രവാസിസംഘടനകളുടെ നേതൃത്വത്തിലുളള വിഷു ആഘോഷങ്ങള്‍ക്കും വെള്ളിയാഴ്ച തുടക്കമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാവിലെ മുതല്‍ക്കുതന്നെ എല്ലാ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെയും പച്ചക്കറി, വസ്ത്ര വിപണികളില്‍ വീട്ടമ്മമാരുടെയും കുടുംബങ്ങളുടെയും നല്ല തിരക്കായിരുന്നു. നാട്ടു പച്ചക്കറികളും കണിക്കൊന്നയുമായി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള നിരവധി ഓഫറുകളും വിപണിയിലുണ്ട്. ആഘോഷങ്ങള്‍ മുതലെടുത്ത് പരമാവധി ആകര്‍ഷണീയമായ ഓഫറുകളാണ് വില്‍പ്പനശാലകളിലും ഹോട്ടലുകളിലും ഒരുക്കിയിരിക്കുന്നത്.

നാടന്‍ രൂചിക്കൂട്ടുകളില്‍ കൂടുതല്‍ വിഭവങ്ങളൊരുക്കി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് ഭക്ഷണശാലകളും വെള്ളിയാഴ്ച അവധിയായതിനാല്‍ ഓഫീസുകളിലെ വിഷുസദ്യ ശനിയാഴ്ചയ്ക്ക് ശേഷമാകും നടക്കുക. 26 റിയാല്‍ മുതല്‍ 36 റിയാല്‍ വരെ മുപ്പതിലധികം കറികളുമായി നാടന്‍ തൂശനിലയില്‍ തന്നെ ഇത്തവണയും പ്രവാസികള്‍ക്ക് വിഷുസദ്യ നല്‍കാന്‍ ഭക്ഷണശാലകളും സജീവമായി കഴിഞ്ഞു.

അതേസമയം ക്രൈസ്തവ കുടുംബങ്ങള്‍ ഞായറാഴ്ച ഈസ്റ്ററിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാണ്. വെള്ളിയാഴ്ച ദുഃഖവെള്ളിയായതിനാല്‍ ക്രൈസ്തവ കുടുംബങ്ങള്‍ പ്രാര്‍ഥനാനിരതമാകും. ഈസ്റ്റര്‍ ദിനം ജോലിദിവസമാണെങ്കിലും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഈസ്റ്റര്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രൈസ്തവകുടുംബം.

അതേസമയം വെള്ളിയാഴ്ച വരെ പച്ചക്കറി വിപണി സജീവമാണെങ്കില്‍ ശനിയാഴ്ച ആകുമ്പോഴേക്കും ഇറച്ചി വിപണിയും സജീവമാകും. മീന്‍, കോഴി, താറാവ്, പോത്ത്, ആട് എന്നിവയുടെ ഇറച്ചിയുടെ വിലയും വര്‍ധിച്ചേക്കും. രാജ്യത്തെ വിവിധ പ്രവാസി സംഘടനകളും ചതുര്‍-പഞ്ചനക്ഷത്ര ഹോട്ടലുകളും ഈസ്റ്റര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചുണ്ട്.

Top