യഥാർത്ഥ ‘ഇടതുപക്ഷ ഐക്യം’ പ്രകടമായത് ഹാരിസൺ കേസിൽ തോറ്റു കൊടുക്കുന്നതിൽ: വി.എം.സുധീരൻ

കൊച്ചി:യഥാർത്ഥ ‘ഇടതുപക്ഷ ഐക്യം’ പ്രകടമായത് ഹാരിസൺ കേസിൽ തോറ്റു കൊടുക്കുന്നതിൽ ആണെന്ന് വി.എം.സുധീരൻ ആരോപിച്ചു.ശ്രീ പിണറായി വിജയൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ പലവിഷയങ്ങളിലും രൂക്ഷമായ ഭിന്നത ഉയർന്നുവന്നിട്ടുണ്ട്. തോമസ് ചാണ്ടി പ്രശ്നത്തിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്ന അസാധാരണ രംഗത്തിനും ജനങ്ങൾ സാക്ഷിയായി എന്നും സുധീരൻ തന്റെ ഫെയ്‌സ് ബുക്കിൽ കുറിച്ചു

എന്നാൽ യഥാർത്ഥ ‘ഇടതുപക്ഷ ഐക്യം’ പ്രകടമായത് ഹാരിസൺ കേസിൽ തോറ്റു കൊടുക്കുന്നതിലാണ്. ഇരുമെയ്യാണെങ്കിലും ഒന്നായി തന്നെ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇക്കാര്യത്തിൽ നിലകൊണ്ടു. സി.പി.ഐ (എം), സി.പി.ഐ. കേന്ദ്ര നേതൃത്വങ്ങൾ പരാജയപ്പെട്ടിടത്താണ് കേരളത്തിൽ ഇരുപാർട്ടി നേതാക്കളേയും യോജിപ്പിക്കാൻ ഹാരിസണ് കഴിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാരിസണിന് വേണ്ടി എത്ര വിദഗ്ധമായിട്ടാണ് ഇടതുപക്ഷ നേതാക്കളും സർക്കാരും കരുക്കൾ നീക്കിയത്.

ആദ്യം ചെയ്തത് ഹാരിസൺ ഉൾപ്പെടെയുള്ള വൻകിടക്കാർക്ക് എതിരെ ഹൈക്കോടതിയിൽ കാര്യക്ഷമമായും ഫലപ്രദമായും കേസ് നടത്തിയ അഡ്വ. സുശീല ഭട്ടിനെ സ്പെഷ്യൽ ഗവ: പ്ലീഡർ സ്ഥാനത്തു നിന്നും നീക്കം ചെയ്യലായിരുന്നു. ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിടക്കാരെ സംരക്ഷിക്കുന്നതിന് സർക്കാർ തലത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമായിട്ടുള്ള ആദ്യ നടപടിയായിരുന്നു അത്.

വൻകിട കൈയേറ്റക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെ പോലെ അവർക്ക് വേണ്ടി നിയമ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാർ നേരത്തെ മുതൽ തുടർന്നു വരുന്ന വാദങ്ങൾക്ക് തന്നെ വിരുദ്ധമായിരുന്നു. ഹാരിസണ് നിർണായകമായ രക്ഷയായത് ഈ റിപ്പോർട്ടാണ്. ഇത് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നിയമ മന്ത്രിക്കുമൊക്കെ നൽകിയ കത്ത് അവഗണിക്കപ്പെട്ടു.

വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് 7.5.2017ലെ സർവ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞെങ്കിലും പിന്നീട് അതൊക്കെ അട്ടിമറിക്കപ്പെട്ടു. സർക്കാരിന്റെ കള്ളക്കളികൾക്കെതിരെ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിക്ക് നൽകിയ കത്തുകളുടെ പകർപ്പ് താഴെ ചേർക്കുന്നു. മുഖ്യമന്ത്രിക്ക് നൽകിയതിനൊപ്പം തന്നെ റവന്യൂ മന്ത്രി ഉൾപ്പടെ മറ്റു ബന്ധപ്പെട്ട മന്ത്രിമാർക്കും കത്ത് നൽകിയിരുന്നു.

അതാത് സന്ദർഭങ്ങളിൽ തന്നെ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടു എങ്കിലും ഹാരിസണു മുന്നിൽ മുട്ടുമടക്കാൻ സ്വയം തീരുമാനിച്ചുറപ്പിച്ച ഭരണാധികാരികൾ അതൊന്നും ചെവിക്കൊണ്ടില്ല.

16.7.2016, 31.10. 2016, 5.5.2017, 29.5.2017, 8.6.2017, 1.1.2018 എന്നീ തീയതികളിൽ എഴുതിയ കത്തുകൾ സ്വയം വിശദീകരിക്കുന്നതാണ്.

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിൽ ഹാരിസൺ കേസ് വരുന്ന സാഹചര്യത്തിലും സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ഒന്നും വേണ്ടപോലെ ഉണ്ടായതായി കണ്ടില്ല. അതേതുടർന്നാണ് 1.1.2018ൽ തന്നെ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും നിയമമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയത്.

എത്ര പ്രഗൽഭരായ അഭിഭാഷകരെ കൊണ്ടുവന്നാലും അവർക്ക് ഈ കേസ് പഠിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതുകൊണ്ട് ഇക്കാര്യത്തിൽ പരിചയസമ്പന്നയും കാര്യക്ഷമതയുമുള്ള സുശീല ഭട്ടിനെ തന്നെ കേസ് ഏൽപ്പിക്കുന്നതായിരിക്കും നല്ലതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

പക്ഷേ മുൻകൂട്ടി നിശ്ചയിച്ച അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതൊക്കെ അധികാരികൾ തള്ളിക്കളഞ്ഞു. അതിനു കനത്ത വില നൽകേണ്ടി വന്നിരിക്കുകയാണ്. സർക്കാരിന് അവകാശപ്പെട്ട 5.5 ലക്ഷം ഏക്കർ ഭൂമിയിൽ വൻകിടക്കാർ പിടിമുറുക്കുന്ന അവസ്ഥയിലെത്തിച്ചു. സമാനതകളില്ലാത്ത ജനവഞ്ചനയാണിത്.

ഭരണഘടനാ തത്വങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ പാവങ്ങൾക്ക് നീതി നൽകിയ നമ്മുടെ അഭിമാനഭാജനമായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വിധികൾ കണ്ട ജനങ്ങൾക്ക് ജനചൂഷകരായ കോർപ്പറേറ്റുകളുടെ പ്രാധാന്യം ഉത്ഘോഷിക്കുന്ന മറ്റൊരു വിധിയും കാണാനുള്ള ദുർവിധിയും ഈ കേസിലുണ്ടായി.

Top