ഉമ്മന്‍ചാണ്ടി വിരോധിയായ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ സുധീരന്‍

കോട്ടയം: ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ നീക്കം.ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം. പ്രമേയത്തിന് മുന്‍കൈ എടുക്കുന്നത് വി എം സുധീരനാണെങ്കിലും ആശയം എ കെ ആന്റണിയുടേതെന്നാണ് കോണ്‍ഗ്രസ് തലപ്പത്തെ സംസാരം പ്രമേയത്തിന് എ കെ ആന്റണിയും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാലും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ട്ടിവിട്ട മുഴുവന്‍ പ്രവര്‍ത്തകരെയും തിരികെ എടുക്കണമെന്നാവശ്യപ്പെട്ടു സുധീരന്‍ ഹൈക്കമാന്‍ഡിനു കത്ത്‌ നല്‍കി. മുതിര്‍ന്ന നേതാവ്‌ എ.കെ. ആന്റണിയുടെ അറിവോടെയാണു നീക്കങ്ങള്‍.

കടുത്ത ഉമ്മന്‍ചാണ്ടി വിരോധിയായ ചെറിയാന്‍ ഫിലിപ്പിനെ വീണ്ടും കോണ്‍ഗ്രസ്‌ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌ ഉമ്മന്‍ചാണ്ടിക്കെതിരായ ബദല്‍ ഗ്രൂപ്പിനെ ശക്‌തിപ്പെടുത്താനാണെന്നാണു വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയുമായി അകന്നതിനെത്തുടര്‍ന്നാണു നേരത്തെ എ.കെ. ആന്റണിയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഫിലിപ്പ്‌ പാര്‍ട്ടി വിട്ടത്‌. കോണ്‍ഗ്രസ്‌വിട്ട ചെറിയാന്‍ ഫിലിപ്പിനെ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ്‌. മത്സരിപ്പിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌, സി.പി.എമ്മിന്റെ സഹയാത്രികനായി മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുഗമമായി ജയിക്കാന്‍ കഴിയുന്ന സീറ്റ്‌ വേണമെന്നു സി.പി.എം. സംസ്‌ഥാന നേതൃത്വത്തോടു ചെറിയാന്‍ ഫിലിപ്പ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്‌ അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ ചെറിയാന്‍ ഫിലിപ്പ്‌ കുറിപ്പിട്ടത്‌ ഏറെ വിവാദമായിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തിയെങ്കിലും ചെറിയാന്‍ ഫിലിപ്പിന്‌ അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

സി.പി.എമ്മിനോട്‌ ചെറിയാന്‍ ഫിലിപ്പിനുള്ള അതൃപ്‌തി കണക്കാക്കിയാണു സുധീരന്‍ രംഗത്തെത്തിയത്‌. കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്ത്‌ ഉമ്മന്‍ചാണ്ടിയെ മാത്രം തെരഞ്ഞുപിടിച്ചു ആക്രമിക്കാനാണു ചെറിയാന്‍ ഫിലിപ്പ്‌ ശ്രമിച്ചിരുന്നത്‌. ആന്റണിയും സുധീരനു അടക്കമുള്ളവര്‍ക്കെതിരേ ഒരു പരാമര്‍ശവും ചെറിയാന്‍ നടത്തിയിരുന്നില്ല. ഈ നേതാക്കളെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുമില്ല.ചെറിയാന്‍ ഫിലിപ്പിനെ പോലുള്ളവരെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരുന്നതിനെതിരേ ശക്‌തമായ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്‌. പത്തു വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരേ മാധ്യമങ്ങളിലുടെ ശക്‌തമായ പ്രചാരണം നടത്തിയ ചെറിയാനെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന്‌ ഇവര്‍ പറയുന്നു.

എന്നാല്‍, ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട്‌ ഉരുണ്ടുകൂടിയ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമായാണു പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ ചെറിയാന്‍ ഫിലിപ്പിനുവേണ്ടി വാദിക്കുന്നതെന്നു രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ചെറിയാന്‍ ഫിലിപ്പ്‌ കോണ്‍ഗ്രസിലേക്കു മടങ്ങിവരാന്‍ തയാറായാല്‍ ആന്റണിക്കു സമ്മതം മൂളേണ്ടിവരും. ഇതു മുന്നില്‍ക്കണ്ടാണു സുധീരന്‍ ഇത്തരമൊരു തന്ത്രം പരീക്ഷിക്കുന്നതെന്നാണു ഉമ്മന്‍ചാണ്ടിയോട്‌ അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്‌ .

ചെറിയാന്‍ ഫിലിപ്പ് വിഷയത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന തന്ത്രം വളരെ ശ്രദ്ധേയമാകും. എന്തായാലും വരും ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരികെ എത്തിക്കുന്നത് ഔദ്യോഗികമായി ചര്‍ച്ചയാക്കി മാറ്റാന്‍ തന്നെയാണ് സുധീരപക്ഷത്തിന്റെ തീരുമാനം.ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചെറിയനുകൂലമായ നിലപാടാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും സ്വീകരിച്ചിരിക്കുന്നത്. അതേ സമയം ഇത് സംബന്ധിച്ച് ചെറിയാന്‍ ഫിലിപ്പ് മനസുതുറന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Top