കാസർകോട്:ഒടുവിൽ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തി . പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നു പോയെന്ന് ഇപ്പോള്‍ തോന്നുന്നു. തന്റെ വാക്കുകള്‍ കാരണം പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ ദുഃഖവും മനസിലാക്കുന്നതായും മുസ്തഫ പ്രതികരിച്ചു. തന്റെ വാക്കുകള്‍ കൊലപാതകത്തിന് ഇരകളായവരുടെ കുടുംബത്തെ വേദനിപ്പിച്ചതില്‍ ദുഃഖിക്കുന്നു. കല്ല്യോട്ടെ അക്രമങ്ങള്‍ ക്ഷമിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണു മാധ്യമങ്ങള്‍ കൊലവിളി പ്രസംഗമായി വ്യാഖ്യാനിച്ചതെന്നും മുസ്തഫ തൃക്കരിപ്പൂരില്‍ പറഞ്ഞു.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് മുന്‍പ് മുസ്തഫ ഒരു പൊതു സമ്മേളനത്തില്‍ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതാണ് വിവാദമായത്. കോണ്‍ഗ്രസുകാര്‍ക്ക് നേരെ വധഭീഷണി മുഴക്കുന്ന തരത്തിലായിരുന്നു ജനുവരി ഏഴിന് കല്യാട്ട് സിപിഎം പരിപാടിയില്‍ നടത്തിയ കൊലവിളി പ്രസംഗം.പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെടുന്നതിന് ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനുവരി ഏഴിന് കല്യോട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളി പ്രസംഗം.
പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മർദിച്ചതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല ഗോവിന്ദൻ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്തു ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും.
റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തിൽനിന്നു തിരിച്ചു ഞങ്ങൾ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ടു കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്ക അറിയാമല്ലോ– ഇങ്ങനെ പോകുന്നു മുസ്തഫയുടെ പ്രസംഗം.