ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. വെള്ളാപ്പള്ളിക്ക് നൂറുകോടിയുടെ കള്ളപ്പണ നിക്ഷേപം സ്വിസ് ബാങ്കിലുണ്ടെന്നാണ് വി എസ് പറഞ്ഞത്. കഴിഞ്ഞ നാലുവര്‍ഷം മാത്രം 100 കോടി രൂപയുടെ കോഴയാണ് വെള്ളാപ്പള്ളി വാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചു കൊണ്ടുവരുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിരണ്ടു പോയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കണിച്ചുകുളങ്ങരയില്‍ സി പി എം സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ മാത്രം അകലെ സംഘടിപ്പിച്ച സെമിനാറില്‍ ആയിരുന്നു വി എസ് വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്.
നാല് വര്‍ഷം കൊണ്ട് വെള്ളാപ്പള്ളി നൂറുകോടി രൂപ കോഴ വാങ്ങി. എസ് എന്‍ കോളജിലെ അധ്യാപക, അനധ്യാപക നിയമനത്തിന് കോടികളാണ് കോഴ വാങ്ങിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 302 നിയമനങ്ങള്‍ ആണ് അധ്യാപക, അനധ്യാപക വിഭാഗത്തില്‍ നടന്നത്. 25 മുതല്‍ 40 ലക്ഷം വരെയാണ് ഓരോ നിയമനത്തിനും കോഴ വാങ്ങി കൊണ്ടിരിക്കുന്നത്. കോളജ് നിയമനത്തില്‍ ഈഴവരുടെ കൈയില്‍ നിന്നു പോലും കോഴ വാങ്ങിയെന്നും വി എസ് ആരോപിച്ചു.
കോഴ വാങ്ങിയ പണമെല്ലാം സ്വിസ് ബാങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം കൊണ്ടു വരാന്‍ പോകുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ ഭയന്നാണ് മോഡിയുമായും അമിത് ഷായുമായും അടുക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും വി എസ് ആരോപിച്ചത്. എസ് എന്‍ ട്രസ്റ്റിന്റെ വരുമാനം സംബന്ധിച്ച് വെള്ളാപ്പള്ളി വ്യക്തത നല്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വി എസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. എസ്എന്‍ഡിപി ഇല്ലായിരുന്നുവെങ്കില്‍ വിഎസിനെ സിപിഎം വെട്ടിയരിഞ്ഞ് പട്ടിക്ക് ഇട്ടുകൊടുക്കുമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ് രംഗത്തെത്തിയത്.