വി.എസ് 92-ന്റെ നിറവില്‍ …

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇന്ന് 92-ാം പിറന്നാളിന്റെ നിറവില്‍. പിറന്നാളാഘോഷമൊന്നും പതിവുപോലെ അദ്ദേഹത്തിനില്ല.മരുതംകുഴിയിലും കുമാരപുരത്തും വൈകുന്നേരം രണ്ട് രാഷ്ട്രീയ പൊതുയോഗങ്ങളിലും വി.എസ് പ്രസംഗിക്കും. ഇതാണു പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ പ്രധാന പരിപാടികള്‍.ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ജയം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായം ഇത്രയും ആയി, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമോ എന്നാരാഞ്ഞപ്പോളാണ് ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ജയം മാത്രമാണെന്ന് വ്യക്തമാക്കിയത്.

ഔദ്യോഗികവസതിയിൽ പതിവുചര്യകളുമായി സന്ദർശകരെ സ്വീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മധുരം വിതരണം ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പിൽ അരുവിക്കര ആവർത്തിക്കാമെന്ന ഉമ്മൻചാണ്ടിയുടെ പ്രതീക്ഷ നടക്കില്ലെന്ന് വി.എസ് പറഞ്ഞു.92ാം ജന്മദിനം പതിവുപോലെത്തന്നെയായിരുന്നു വി.എസിന്. യോഗ, നടത്തം, പത്രപാരായണം. ഇതിനിടയിൽ ശമ്പളംകിട്ടാത്തതിന്റെ പരാതിയുമായെത്തിയ എയ്ഡഡ് സ്കൂൾ അധ്യാപകരെ സഗൗരവം കേട്ടു. പ്രതിഷേധസമരത്തിൽ എത്തുമെന്ന് ഉറപ്പുനൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, മന്ത്രി രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കൾ വിളിച്ച് ആശംസകൾ നേർന്നിരുന്നു. എം.വിജയകുമാർ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും വി.എസിനെ സന്ദർശിക്കാൻ കന്റോൺമെന്റ് ഹൗസിലെത്തി. രാവിലെ മുതൽ തമ്പടിച്ചിരുന്ന മാധ്യമപ്രവർത്തകർക്കുവേണ്ടി അൽപസമയം. ഒപ്പം ഭാര്യയും മകനും കൊച്ചുമക്കളും. പതിവ് ഉച്ചഭക്ഷണം കുടുംബാംഗങ്ങൾക്കൊപ്പമെന്നത് മാത്രം പ്രത്യേകതയായി.

പ്രചാരണങ്ങളിലെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതികള്‍ വ്യക്തമാക്കുവാന്‍ വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും, ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് തുനിഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇത് പത്രസമ്മേളനമായിട്ടൊന്നും കാണണ്ടാ, എല്ലാവരും പിറന്നാളിന്റെ പായസം കുടിച്ചോണ്ട് പൊയ്‌ക്കൊള്ളുവാനും ചിരിയോടെ വി.എസ് പറഞ്ഞു.

Top