ന്യൂഡല്‍ഹി:ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ എത്തുക എന്നത് ബാലികേറാമലയെന്ന് സി.പി.എം നന്നായി മനസിലാക്കി.ആയതിനാല്‍ കേരളത്തില്‍ അധികാരം തിരിച്ച് പിടിക്കുന്നതിനായി ജനകീയനായ വി.എസ് അച്യുതാനന്ദനെ തന്നെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂടി.പിണറായിയെ മുന്നില്‍ നിര്‍ത്തി പടനയിച്ചാല്‍ കേരളത്തില്‍ പച്ച തോടില്ലെന്നും അധികാരത്തില്‍ തിരിച്ചെത്താനായില്ലെങ്കില്‍ സി.പി.എം തകരുമെന്നും നേടഃറ്^ടഃവ്വാമം മനസിലാക്കിയതിനാല്‍ എന്തു വിലകൊടുത്തും അധികാരം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് സി.പി.എം.
സിപിഎം കേരള ഘടകത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം സൃഷ്ടിച്ച് പിണറായിക്ക് നല്‍കാമെന്നുള്ള നിര്‍ദ്ദേശമാണ് സിപിഎം കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ഉരുത്തിരിയുന്നത്.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പി.ബി അംഗം ബിമന്‍ ബസു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഈ ധാരണയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്താനാണ് തീരുമാനമത്രെ.എസ്എന്‍ഡിപി യോഗവുമായി ചേര്‍ന്ന് കേരളത്തില്‍ ഇടത് പക്ഷ പ്രസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തെയും അതിനെ പിന്‍തുണക്കുന്ന കോണ്‍ഗ്രസ് നിലപാടിനെയും എതിര്‍ത്ത് വീണ്ടും അധികാരത്തില്‍ വരണമെങ്കില്‍ വി.എസിനെ തന്നെ മുന്നില്‍ നിര്‍ത്തണമെന്ന അഭിപ്രായമാണ് സീതാറാം യെച്ചൂരിക്കുള്ളത്.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച് മൂന്നാര്‍ സമരത്തില്‍ സ്ത്രീ സമരക്കാരാടൊപ്പം 9 മണിക്കൂര്‍ വെയിലും മഞ്ഞുമേറ്റ് കുത്തിയിരുപ്പ് സമരം നടത്തിയ വി.എസിനെ അനാരോഗ്യം പറഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരുന്നാല്‍ അത് ഇനി പൊതുസമൂഹം ഉള്‍ക്കൊള്ളില്ലെന്ന തിരിച്ചറിവും സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ശക്തമാണ്.എസ്എന്‍ഡിപിയോഗം-ബിജെപി കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിച്ച് വി.എസും പിണറായിയും രംഗത്ത് വരികയും വി.എസിനെ വിമര്‍ശിച്ച വെള്ളാപ്പള്ളിക്ക് കടുത്ത ഭാഷയില്‍ പിണറായി മറുപടികൊടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇരുനേതാക്കള്‍ക്കും ഭരണതലത്തിലും യോജിച്ചുപോകാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍.അധികാരം ലഭിച്ചുകഴിഞ്ഞാല്‍ ഭരണക്കാലാവധി കഴിയുന്നതിന് മുന്‍പ് പിണറായിക്ക് നേതൃസ്ഥാനത്ത് വരാന്‍ പറ്റുമെന്നതിനാല്‍ ഇത്തരമൊരു നിര്‍ദ്ദേശത്തെ സംസ്ഥാനത്തെ ‘പ്രത്യേക’ സാഹചര്യം പരിഗണിച്ച് കേരളഘടകം എതിര്‍ക്കില്ലെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഇനി കേരള ഘടകം എതിര്‍ത്താലും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പരമാധികാരകേന്ദ്രം കേന്ദ്രകമ്മിറ്റിക്കായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കപ്പെടുക.രാഷ്ട്രീയത്തിന് അതീതമായി കേരളീയ സമൂഹത്തില്‍ തനിക്ക് മാത്രമാണ് പൊതു സ്വീകാര്യതയെന്ന് മൂന്നാര്‍ സമരം വഴി രാഷ്ട്രീയ കേരളത്തെ മാത്രമല്ല സിപിഎം കേന്ദ്ര നേതൃത്വത്തെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് വി.എസിനിപ്പോള്‍ നേട്ടമായിരിക്കുന്നത്.
സിപിഎം വിഭാഗീയതയിലും എസ്.എന്‍.ഡി.പി യോഗം -ബിജെപി കൂട്ടുകെട്ടിലുംപ്രതീക്ഷയര്‍പ്പിച്ച് പ്രതിപക്ഷ വോട്ട് ഭിന്നതയിലൂടെ അധികാരത്തിലേറാമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടലുകളാണ് വി.എസ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായാല്‍ തെറ്റുക.
ഇടത് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി പരമാവധി സീറ്റുകളില്‍ വിജയിക്കുകയെന്ന ബിജെപി തന്ത്രത്തിനും ഈ നീക്കം തിരിച്ചടിയാകും.പിണറായിയാണെങ്കില്‍ ഇടതുപക്ഷത്തിന് അധികാരം കിട്ടില്ലെന്ന് പറഞ്ഞ് ‘മലക്കം മറിഞ്ഞ’ വെള്ളാപ്പള്ളി നടേശനും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയാണ് ഭയക്കുന്നത്.
വി.എസിനെ മുന്‍ നിര്‍ത്തി സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എസ്.എന്‍.ഡി.പിയുടെ ‘തന്ത്രങ്ങള്‍’ വിജയിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ നിലപാട് മാറ്റം.നേരത്തെ സിപിഎം വോട്ട് ബാങ്കില്‍ തങ്ങള്‍ വിള്ളലുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടിക്ക് ഭരണത്തടര്‍ച്ചയുണ്ടാകുമെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.
വി.എസിനെ മുന്‍നിര്‍ത്തിയാല്‍ ഇടത് വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്താനും നിഷ്പക്ഷ വോട്ടുകള്‍ വലിയതോതില്‍ നേടിയെടുക്കാനും ഇടതുമുന്നണിക്ക് കഴിയുമെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.പാര്‍ട്ടി എം.എല്‍.എയെ തുരത്തിയോടിക്കുകയും എം.പിമാരടക്കമുള്ള നേതാക്കളെ സമരവേദിയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്ത മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ വി.എസിനെ പൂമാലയിട്ട് സ്വീകരിച്ചത് അദ്ദേഹത്തിന് പൊതു സമൂഹത്തിനിടയിലുള്ള വലിയ സ്വീകാര്യതയായാണ്
വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി നേതാവെന്ന നിലയില്‍ മാത്രമാണ് വി.എസിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനമെന്ന വാദത്തിന്റെ മുനയാണ് സ്ത്രീ തൊഴിലാളികള്‍ മൂന്നാറില്‍ ഒടിച്ചത്.തമിഴ് കുടിയേറ്റ സ്ത്രീകള്‍ ബഹുഭൂരിപക്ഷമുള്ള മൂന്നാറിലെ തോട്ടം തൊഴില്‍ മേഖലയില്‍ വി.എസിനെ അവര്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കില്‍ മലയാളി സമൂഹത്തിനിടയില്‍ എത്രമാത്രം സ്വാധീനം വി.എസിന് ഉണ്ടായിരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ യു.ഡിഎഫ് കേന്ദ്രങ്ങളുടെയും ഉറക്കം കെടുത്തുന്നത്.പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വി.എസിനെതിരായ പരാതി പരിഗണിക്കുന്ന പി.ബി കമ്മീഷന്റെ തുടര്‍ നടപടികള്‍ നിലവിലെ സാഹചര്യത്തില്‍ കടലാസ് പുലിയാകാനാണ് സാധ്യത.
സംഘടനാപരമായ നടപടിക്രമമായതിനാല്‍ കൂടിയാല്‍ ശാസന എന്നതിനപ്പുറം മറ്റൊരു നടപടിയും പരാതിക്കാരായ സിപിഎം കേരള ഘടകവും ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ലത്രെ.
സംസ്ഥാന കമ്മറ്റിയില്‍ ഒഴിച്ചിട്ട സ്ഥാനത്ത് വി.എസിനെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കുമെന്നും സൂചനയുണ്ട്.ഘടകകക്ഷിയായ സിപിഐ നേതൃത്വവും വി.എസിനെ മുന്‍നിര്‍ത്തി ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായക്കാരാണ്. തങ്ങളുടെ നിലപാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കള്‍ക്കിടയിലെ ആലോചന.
വി.എസിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെങ്കില്‍ വീരേന്ദ്ര കുമാര്‍ വിഭാഗത്തിന്റെ ജനതാദള്‍ (യു)വും ആര്‍എസ്പിയിലെ ഒരു വിഭാഗവും കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗവും തിരിച്ച് വീണ്ടും ഇടതുപക്ഷത്തേക്ക് എത്തുമെന്ന അഭ്യൂഹവും ശക്തമാണ്.ജനങ്ങള്‍ ഒപ്പമുണ്ടെങ്കിലേ പാര്‍ട്ടിയും ചട്ടക്കൂടും ഉണ്ടാവുകയൊള്ളുവെന്ന് അഭിപ്രായപ്പെടുന്ന ബഹുഭൂരിപക്ഷം സിപിഎം അണികളും മനസാ ആഗ്രഹിക്കുന്നത് വി.എസും പിണറായിയും ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കണമെന്നതാണ്. സിപിഎം കേന്ദ്ര നേതൃത്വം ഇപ്പോള്‍ തിരിച്ചറിയുന്നതും ഈ വികാരമാണ്.